ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കേണ്ടെന്ന് ഉന്നതാധികാര സമിതി കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സമിതി രൂപീകരിച്ചില്ലെന്നാരോപിച്ച് ഫൗണ്ടേഷൻ ഒഫ് മീഡിയ പ്രൊഫഷണൽസ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് വിശദീകരണം. നിലവിലെ സാഹചര്യത്തിൽ 4ജി പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് ജൂൺ 10ന് ചേർന്ന സമിതി യോഗത്തിൽ തീരുമാനിച്ചു. രണ്ട് മാസത്തിന് ശേഷം സമിതി വീണ്ടും യോഗം ചേരുമെന്നും അപ്പോൾ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്നും ആറ് പേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ കാശ്‌മീരിൽ 2ജി പര്യാപ്തമല്ലെന്നും 4ജി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽസ് ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ജമ്മുകാശ്‌മീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉന്നതാധികാര സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. സമിതി റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമാകും കേസിൽ തുടർ നടപടിയുണ്ടാവുകയെന്നായിരുന്നു വിധി.