ഡൽഹിലെ പരേഡിൽ സ്കൂൾ കുട്ടികളില്ല
ആരോഗ്യ പ്രവർത്തകർക്ക് ക്ഷണം
ന്യൂഡൽഹി: ഇക്കുറി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വിപുലമായി ആളുകളെ പങ്കെടുപ്പിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചുമാവണം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കേണ്ടതെന്ന് കേന്ദ്രം നിർദേശിച്ചു.
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും നിയന്ത്രണങ്ങളോടെയാണ് നടത്തുക. ചടങ്ങിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതില്ല.എൻ.സി.സി കേഡറ്റുകൾ ഉണ്ടാകും.
മൊത്തം ക്ഷണിതാക്കളുടെ എണ്ണം വെട്ടിച്ചുരുക്കും. മാസ്‌കും സാനിറ്റൈസറും അടക്കം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധം. സാമൂഹ്യ അകലം പാലിക്കും. സാനിറ്റേഷൻ പോയിന്റുകളും ഉണ്ടാകും പൊലീസുകാർ പി.പി.ഇ കിറ്റ് ധരിച്ചാവും ചടങ്ങിനെത്തുക. കൊവിഡിനെതിരേ പോരാടുന്ന ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ചടങ്ങുകളിൽ ക്ഷണിക്കണം. കൂടാതെ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരെയും ചടങ്ങുകളിൽ ക്ഷണിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ചെങ്കോട്ടയിൽ, എല്ലാവർഷവും എത്താറുള്ള 90,01,000 ക്ഷണിതാക്കൾക്ക് പകരം ഇത്തവണ 250 ഓളം പേർ മാത്രമാണ് സന്നിഹിതരാവുക. ഇവരുടെ അന്തിമ പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കും.