ന്യൂഡൽഹി: വടക്കൻ ലഡാക്ക് അതിർത്തിയിലെ രണ്ടാം ഘട്ട സൈനിക പിന്മാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾക്കായി ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ ഉടൻ കൂടിക്കാഴ്‌ച നടത്തും. ഇന്നലെ നടന്ന നയതന്ത്ര തല ചർച്ചയിലാണ് ധാരണയുണ്ടായത്. കമാൻഡർമാരുടെ ജൂലായിൽ നടന്ന നാലാം ഘട്ട കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സൈനിക പിൻമാറ്റം നടപ്പാക്കാനായിട്ടില്ല.
ഇന്ത്യാ-ചൈന അതിർത്തി സഹകരണകാര്യ ഉപദേശക-ഏകോപന സമിതിയുടെ (ഡബ്ല്യൂ.എം.സി.സി) ഇന്നലെ നടന്ന 17-ാം യോഗം അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഇതുവരെ കൈക്കൊണ്ട നടപടികളിൽ തൃപ്‌തി രേഖപ്പെടുത്തി. പ്രത്യേക പ്രതിനിധികളുടെ ചർച്ചയിലും സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്‌ചകളിലുമുണ്ടാക്കിയ ധാരണകൾ പൂർണമായി നടപ്പാക്കേണ്ടതുണ്ടെന്നും ഉഭയകക്ഷി ബന്ധവും പ്രോട്ടോക്കോളും നിലനിറുത്തി സമാധാനം പുനഃസ്ഥാപിക്കണമെന്നും വിലയിരുത്തി. അതിനാൽ സൈനിക കമാൻഡർമാർ വീണ്ടും കൂടിക്കാഴ്‌ച നടത്തണമെന്നും ഇരുപക്ഷവും ധാരണയിലെത്തി. തർക്കങ്ങൾ പരിഹരിക്കുന്നത് വരെ നയതന്ത്ര-സൈനിക ചർച്ചകൾ തുടരും. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ സൈനികവകുപ്പ് ഡയറക്‌ടർ ജനറലുമാണ് ഇന്നലെ സംസാരിച്ചത്.