ന്യൂഡൽഹി: രോഗികളിൽ നിന്ന് 10 രൂപ മാത്രം ഫീസ് വാങ്ങി, 'പാവങ്ങളുടെ ഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ചെന്നൈ വില്ലിവാക്കത്തെ ഡോ.സി. മോഹൻ റെഡ്ഡി (84) അന്തരിച്ചു. കൊവിഡ് ഭേദമായതിന് പിന്നാലെയാണ് മരണം
1936 ൽ ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച മോഹൻ റെഡ്ഡി പഠനശേഷം തമിഴ്നാട്ടിലെ കീഴ്പാക്കം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയമിതനായി. ശേഷം വില്ലിവാക്കത്ത് ഒരു നഴ്‌സിംഗ് ഹോം തുടങ്ങി. സാധാരണക്കാർക്ക് ചികിത്സ നൽകാനായി 30 കിടക്കകളുള്ള ഈ ആശുപത്രി എല്ലായ്പ്പോഴും സജ്ജമായിരുന്നു. വില്ലിവാക്കത്തെ സാധാരണക്കാരും ചേരിനിവാസികളുമെല്ലാം അദ്ദേഹത്തെയാണ് ചികിത്സയ്ക്കായി ആശ്രയിച്ചിരുന്നത്. അവിവാഹിതനായ ഡോക്ടർ ആശുപത്രിയിലായിരുന്നു താമസം.സാമ്പത്തിക പ്രശ്‌നമില്ലാത്തവരിൽ നിന്ന് 100 രൂപ ഫീസായി വാങ്ങിയിരുന്നെങ്കിലും പാവപ്പെട്ടവർക്കും ചികിത്സ ഉറപ്പാക്കി.
പ്രായമേറിയതിനാൽ, കൊവിഡ് കാലത്ത് രോഗികളെ കാണുന്നത് സ്വന്തം ജീവൻ അപകടത്തിലാക്കുമെന്ന് അറിഞ്ഞിട്ടും അദ്ദേഹം പിന്മാറിയില്ല. ഒടുവിൽ അദ്ദേഹത്തിനും കൊവിഡ് ബാധിച്ചു. ജൂൺ 25നാണ് മോഹൻ റെഡ്ഡി ആശുപത്രിയിൽ ചികിത്സ തേടിയത്. കൊവിഡ് ഫലം പിന്നീട് നെഗറ്റീവായി. പെട്ടെന്നുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറ് മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
പാവങ്ങൾക്കായി ജീവിച്ച നല്ല മനുഷ്യൻ ഈശ്വരനിൽ വിലയം പ്രാപിച്ചതായി വെല്ലിവാകം എം.എൽ.എ രംഗനാഥൻ അനുശോചിച്ചു.