ന്യൂഡൽഹി: ഈ ഭൂമിയിൽ മനുഷ്യനെപ്പോലെ തന്നെ ജീവിക്കാനും ഭക്ഷണം കഴിക്കാനും കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും സർവചരാചരങ്ങൾക്കും അവകാശമുണ്ടെന്ന് മനുഷ്യനെ ഓർമ്മിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. എന്നാൽ തോട്ടപൊട്ടിച്ചും തല്ലിയോടിച്ചും കെട്ടിയിട്ടും തങ്ങളെക്കൊണ്ട് കഴിയും വിധം മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നവരാണ് സമൂഹത്തിലേറെയും. അതിനിടയിൽ ഇതാ നന്മയുള്ള ഗ്രാമം. തെരുവുവിളക്കുകളുടെ സ്വിച്ച് ബോർഡിൽ പക്ഷി കൂടുവച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രാമം ജാഗ്രതയിലായി. കുരുവിക്കൂട്ടിലെ മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളികൾ കണ്ണുതുറക്കുന്നതും കാത്ത് 35 ദിവസം ഇരുട്ടിലിരിക്കാൻ തയാറായി തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഗ്രാമവാസികൾ.
സംഭവം ഇങ്ങനെ:- ലോക്ക്ഡൗൺ തുടങ്ങിയ സമയത്താണ് കറുപ്പുരാജ എന്ന കോളേജ് വിദ്യാർത്ഥി തന്റെ വീടിന് സമീപമുള്ള സ്വിച്ച് ബോർഡിൽ പക്ഷി കൂടുവച്ചത് കണ്ടത്. കൂട്ടിൽ വിരിയാൻ കാത്തിരിക്കുന്ന മൂന്ന് മുട്ടയും. പ്രദേശത്തെ തെരുവുവിളക്കുകൾ മുഴുവൻ കത്തിക്കുന്നതിനുള്ള സ്വിച്ചുകൾ സ്ഥാപിച്ചിരുന്നത് ഈ സ്വിച്ച്‌ബോർഡിലായിരുന്നു. സംഭവം കറുപ്പുരാജ വാട്‌സാപ്പിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. വിവരം നാടുമുഴുവനും അറിഞ്ഞു. മുട്ടയിട്ട് അടയിരിക്കുന്ന അമ്മക്കിളിക്ക് യാതൊരു ശല്യവും ഉണ്ടാകരുതെന്ന് ഗ്രാമം ഒറ്റക്കെട്ടായി തീരുമാനിച്ചു.
പക്ഷേ, അപ്പോഴും മറ്റൊരു ആശങ്ക ഉയർന്നു. സ്വിച്ച് ബോർഡിൽ നിന്ന് അമ്മ പക്ഷിക്കും കുഞ്ഞുങ്ങൾക്കും ഷോക്കേറ്റാലോ ! പഞ്ചായത്ത് അധികൃതരെ സമീപിച്ച് സ്വിച്ച്‌ബോർഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ജനങ്ങൾ അഭ്യർത്ഥിച്ചു. പഞ്ചായത്ത് അധികൃതർ ആദ്യം ഗ്രാമീണരുടെ ആവശ്യം തള്ളിക്കളഞ്ഞു. എന്നാൽ ഗ്രാമീണർ പിൻവാങ്ങിയില്ല.
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ഭവനരഹിതരായ നിരവധി ജനങ്ങൾ ആ ഗ്രാമത്തിലുണ്ടായിരുന്നു. തങ്ങളുടെ ദുരിതം ഗ്രാമീണർ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടുവെച്ച ആ പക്ഷിക്ക് തങ്ങളുടെ അവസ്ഥ വരരുതെന്ന് അവർ പഞ്ചായത്ത് അധികൃതരോട് അപേക്ഷിച്ചു. ഇതോടെയാണ് വൈദ്യുതി വിച്ഛേദിക്കാൻ അധികൃതർ തയ്യാറായത്. അങ്ങനെ ഒരു ഗ്രാമം മുഴുവനും കണ്ണ് തുറന്നിരുന്ന്, തെരുവുവിളക്കുകൾ അണച്ചിരുന്ന് കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ മുട്ടവിരിഞ്ഞു. കുഞ്ഞുകിളികൾ ചിറകുമുളച്ച് പ്രതീക്ഷയുടെ ആകാശത്തേക്ക് പറക്കുകയും ചെയ്തു.