shiva

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്. രാജ്യത്ത് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങൾ പ്രകടിപ്പിച്ച 61കാരനായ ചൗഹാന് ഇന്നലെ ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി സംബന്ധിച്ച യോഗങ്ങൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തവരോടെല്ലാം ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞദിവസം മദ്ധ്യപ്രദേശ് സഹകരണമന്ത്രി അരവിന്ദ് സിംഗ് ബദൂരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു.