ന്യൂഡൽഹി: സാമൂഹിക സുരക്ഷാ അകലം അടക്കം മാർഗനിർദ്ദേശങ്ങൾ പാലിച്ച് അടുത്ത മാസം മുതൽ സിനിമാ തിയേറ്ററുകളും മൾട്ടിപ്‌ളക്‌സുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം(എം.ഐ.ബി) ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകി. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി എം.ഐ.ബി സെക്രട്ടറി അമിത് ഖരെ നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് ശുപാർശ നൽകിയത്. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കൊവിഡ് രോഗവ്യാപനം ആരംഭിച്ച മാർച്ചിൽഅടച്ചിട്ട സിനിമാ തിയേറ്ററുകൾക്ക് സുരക്ഷാ കാരണങ്ങളാൽ പിന്നീട് പ്രവർത്തിക്കാൻ അനുമതി നൽകിയില്ല. കനത്ത പ്രതിസന്ധി നേരിടുന്നതിനാൽ കർശന മാർഗനിർദ്ദേശങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വീഡിയോ കോൺഫറൻസ് ചർച്ചയിൽ സംഘടനാ നേതാക്കൾ അറിയിച്ചു.
സുരക്ഷിതമായി സിനിമാ പ്രദർശനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാമെന്ന് മൾട്ടിപ്ളക്സുകളുടെ സംഘടന കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. പേപ്പർരഹിത ടിക്കറ്റ്, ബുക്കിംഗ് വേളയിൽ അകലത്തിൽ സീറ്റുകൾ അനുവദിക്കൽ, തിയേറ്റർ ഹാൾ അണുവിമുക്തമാക്കാൻ അരമണിക്കൂർ വരെ ദൈർഘ്യമുള്ള ഇടവേള, ഒരു സമയത്ത് ഒരു സ്‌ക്രീനിൽ മാത്രം പ്രദർശനം തുടങ്ങിയവയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ഇവർ സമർപ്പിച്ച മാർഗരേഖയിലെ നിർദ്ദേശങ്ങൾ.