geh

ന്യൂഡൽഹി/ജയ്‌പൂർ: കോടതിയിലെ നിയമപോരാട്ടത്തിൽ അനുകൂല വിധിക്ക് സാദ്ധ്യതയില്ലെന്ന സൂചനയെ തുടർന്ന് രാജസ്ഥാനിൽ നിയമസഭ വിളിച്ചു കൂട്ടി ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടും തടസം നിൽക്കുന്ന ഗവർണർ കൽരാജ് മിശ്രയും തമ്മിലുള്ള പോര് മുറുകുന്നു. ഗവർണർ കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. അതിനിടെ സച്ചിൻ പൈലറ്റിനും വിമത എം.എൽ.എമാർക്കുമെതിരെയുള്ള അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

വെള്ളിയാഴ്‌ച രാത്രി രാജ്ഭവന് മുന്നിൽ ധർണ നടത്തിയ ഗെലോട്ടിനോട് നിയമസഭ വിളിച്ചുകൂട്ടണമെന്ന അപേക്ഷ, ആറുകാര്യങ്ങളിൽ വ്യക്തത വരുത്തി ഭേദഗതി ചെയ്യാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. മുൻകൂർ നോട്ടീസ് ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തരമായി സഭ സമ്മേളിക്കേണ്ടതിന്റെ ആവശ്യം, കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലുള്ള ആശങ്ക, ഇതു സംബന്ധിച്ച നിയമോപദേശം, ഹോട്ടലിൽ കഴിയുന്ന ഔദ്യോഗിക എം.എൽ.എമാർക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പു വരുത്തൽ തുടങ്ങിയ വിഷയങ്ങളാണ് ഗവർണർ വിശദീകരിക്കാൻ ആവശ്യപ്പെട്ടത്.

ഇതിന് മറുപടി തയ്യാറാക്കാൻ ഇന്നലെ രാവിലെ 11.30ന് വീണ്ടും മന്ത്രിസഭ സമ്മേളിച്ചു. വൈകിട്ട് നാലിന് ഔദ്യോഗിക പക്ഷ എം.എൽ.എമാരെ താമസിപ്പിച്ച ഹോട്ടലിൽ നിയമസഭാ കക്ഷി യോഗവും ചേർന്നു. ഇതിനിടെ സംസ്ഥാനത്തുടനീളം ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് സമ്മേളനം വിളിച്ചുകൂട്ടണമെന്ന ആവശ്യവുമായി ഗെലോട്ട് വീണ്ടും ഗവർണറെ കണ്ടു.

ആവശ്യം അംഗീകരിച്ച് സഭ വിളിച്ചുകൂട്ടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ വേണ്ടിവന്നാൽ ഡൽഹിയിൽ പോയി രാഷ്‌ട്രപതിയെ കാണുമെന്നും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും ഗെലോട്ട് നിയമസഭാ കക്ഷി യോഗത്തിൽ എം.എൽ.എമാരോട് പറഞ്ഞു. തിങ്കളാഴ്‌ച അടിയന്തരമായി സഭ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗവർണർറെ കണ്ട ഗെലോട്ട് 102 എം.എൽ.എമാരുടെ പിന്തുണക്കത്തും നൽകിയിരുന്നു.

ക്രിമിനൽ കുറ്റം: ബി.ജെ.പി

രാജ്ഭവന് മുന്നിൽ ഗെലോട്ടും കൂട്ടരും നടത്തിയത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് ബി.ജെ.പി ഗവർണർക്ക് നിവേദനം നൽകി. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരം നടപടിയുണ്ടായത് നിർഭാഗ്യകരമായെന്നും അവർ ചൂണ്ടിക്കാട്ടി.

അതിനിടെ ബി.ജെ.പി ജനാധിപത്യ ധ്വംസനം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.