ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ (ആക്ടീവ് കേസുകൾ) തമിഴ്‌നാടിനെ മറികടന്ന് കർണാടക രണ്ടാമതായി. ശനിയാഴ്ചത്തെ കണക്കുപ്രകാരം 55,388 പേരാണ് കർണാടകയിൽ ചികിത്സയിലുള്ളത്. ആകെ രോഗികൾ രണ്ടുലക്ഷം കടന്ന തമിഴ്‌നാട്ടിൽ 52,273 ആക്ടീവ് കേസുകളാണുള്ളത്. ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 1.45 ലക്ഷം സജീവ കേസുകൾ.
ബംഗളൂരുവിൽ 3000 രോഗികളെ കാണാനില്ല
കൊവിഡ് രൂക്ഷമായ ബംഗളൂരുവിൽ 3338 കൊവിഡ് രോഗികളെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു. സാമ്പിൾ ശേഖരിക്കുന്ന സമയത്ത് പലരും നൽകിയത് തെറ്റായ മൊബൈൽ നമ്പറും മേൽവിലാസവുമാണെന്നും രോഗം സ്ഥിരീകരിച്ച ശേഷം ഇവരെ കണ്ടെത്താനായില്ലെന്നും അധികൃതർ വിശദീകരിച്ചു. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബംഗളൂരു കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. ഈകെ രോഗികൾ 90,000 പിന്നിട്ട കർണാടയിലെ പകുതിയിലേറെ കേസുകളും ബംഗളൂരുവിലാണ്.
വനം മന്ത്രിക്ക് കൊവിഡ്
കർണാടക വനംമന്ത്രി ആനന്ദ് സിംഗിന് കൊവിഡ്. ലക്ഷണങ്ങളില്ലാത്തതിൽ ഹോസപെട്ടയിലെ വസതിയിൽ ഐസൊലേഷനിലാണ് മന്ത്രി. ദിവസങ്ങൾക്ക് മുമ്പ് മന്ത്രിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.