covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും പ്രതിദിനം പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിലും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,145 പേർക്ക് രോഗംഭേദമായി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗ മുക്തി നേടിയവർ 8,85,576 ആയി. രോഗമുക്തി നിരക്ക് 63.92 ശതമാനം. രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നാലു ലക്ഷം കവിഞ്ഞു.

ചികിത്സയിൽ ഉള്ളവരേക്കാൾ 1.89 തവണ അധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.

ആദ്യമായി ഒറ്റദിവസം 4,40,000 ത്തിൽ അധികം കൊവിഡ് പരിശോധനകൾ എന്ന നേട്ടവും രാജ്യം കൈവരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,42,263 സാമ്പിളുകളാണ് പരിശോധിച്ചത്. ദശലക്ഷത്തിൽ പരിശോധനാ നിരക്ക് 11,805 ആയി വർദ്ധിച്ചു. രാജ്യത്ത് ആകെ 1,62,91,331 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. രാജ്യത്തെ കൊവിഡ് മരണനിരക്കും കുറയുകയാണ്. നിലവിൽ 2.31ശതമാനമാണ് മരണനിരക്ക്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുകളിൽ ഒന്ന് ഇന്ത്യയുടേതാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.