ന്യൂഡൽഹി: കൊവിഡ് രോഗികളെ അപമാനിക്കുന്നതിലും കൊവിഡ് ബാധിച്ച് മരിച്ചവർക്ക് അന്തസോടെയുള്ള അന്ത്യോപചാര ചടങ്ങുകൾ നിഷേധിക്കുന്നതിലും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ദുഃഖം രേഖപ്പെടുത്തി.
കൊവിഡ് രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണം. ആരും പൂർണമായി സുരക്ഷിതരല്ല. വൈറസ് ആരെ വേണമെങ്കിലും ബാധിക്കാം. രോഗം പകരുമെന്ന ഭീതിയിൽ കൊവിഡ് രോഗികളോട് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മോശമായി പെരുമാറുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ സംസ്‌കാരത്തിന് സ്ഥലം നിഷേധിക്കുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പ്രാദേശവാസികളും സമൂഹവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിരക്ഷരത, അന്ധവിശ്വാസം, വ്യാജവാർത്തകൾ, ഊഹാപോഹങ്ങൾ എന്നിവയാണ് ജനങ്ങളിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കാൻ കാരണം. കൊവിഡിനെയും വ്യാപന രീതിയെപ്പറ്റിയും ജനങ്ങളെ ബോധവത്കരിക്കുന്നതിന് പ്രചാരണപരിപാടികൾ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യവകുപ്പിനോടും മാദ്ധ്യമങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.