ashok-gehlot

ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭ വിളിച്ചുകൂട്ടണമെന്ന ഗെലോട്ട് മന്തിസഭയുടെ ഉപദേശം രണ്ടാം തവണയും നിരസിച്ച ഗവർണർ കൽരാജ് മിശ്രയെക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. സഭ വിളിച്ചുകൂട്ടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാമത്തെ നോട്ട് ശനിയാഴ്ച രാത്രിയാണ് ഗവർണർക്ക് നൽകിയത്. എന്നാൽ ഇതിൽ വിശ്വാസ വോട്ടെടുപ്പിനെ പറ്റി സൂചിപ്പിച്ചിട്ടില്ല.നിയമസ ജൂലായ് 31 മുതൽ വിളിക്കണം എന്നാണാവശ്യം.

ഇന്നലെ കോൺഗ്രസ് എം.എൽ.എമാർ രാജ്ഭവന് മുന്നിൽ ധർണ നടത്തി. ഇന്നും നാളെയും രാജ്യത്തെ എല്ലാ രാജ്ഭവനുകൾക്ക് മുന്നിലും പ്രതിഷേധം നടത്താനും കോൺഗ്രസ് തീരുമാനിച്ചു.

ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങൾക്കെതിരേ രാജ്യവ്യാപകമായി 'ജനാധിപത്യത്തിന് വേണ്ടി ശബ്ദം ഉയർത്തൂ" എന്ന ഓൺലൈൻ പ്രചാരണം നടത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാജസ്ഥാൻ എം.പിയുമായ കെ.സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയും ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം,​ സച്ചിൻ പൈലറ്റിനും മറ്റ് 18 വിമത എം.എൽ.എമാർക്കും എതിരായ അയോഗ്യതാ നടപടിയിൽ രാജസ്ഥാൻ ഹൈക്കോടതി ഇടപെട്ടതിനെതിരെ സ്പീക്കർ സി. പി. ജോഷി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും വിശദമായ വാദത്തിനെടുക്കും. ഹൈക്കോടതിയെ വിലക്കണമെന്ന സ്പീക്കറുടെ ആവശ്യം നിരസിച്ച ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിമതർെതിരെയുള്ള അയോഗ്യതാ നടപടികൾ മരവിപ്പിച്ച് തൽസ്ഥിതി നിലനിർത്താൻ കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതി വിധിച്ചത്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിക്കുന്നത്. നിയമസഭയ്ക്ക് പുറത്ത് നടക്കുന്ന സംഭവങ്ങളിൽ സ്പീക്കറുടെ അധികാരം സംബന്ധിച്ച് വ്യക്തത വേണമെന്നും ജനാധിപത്യവുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നങ്ങൾ കേസിൽ ഉണ്ടെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിശദമായ വാദത്തിലേക്ക് കടക്കും. മാത്രമല്ല,​ രാജസ്ഥാൻ ഹൈക്കോടതി വിധിയിലും സമാനമായ പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഹരിയാനയിൽ സച്ചിൻ പൈലറ്റിനൊപ്പം കഴിയുന്ന എം.എൽ.എമാരിൽ കുറച്ചു പേർ തന്റെ പക്ഷത്തേക്ക് വരുമെന്നും നിയമസഭ ചേർന്നാൽ ഇവർ ജയ്‌പൂരിലെത്തി തന്റെ ആൾബലം വർദ്ധിപ്പിക്കാമെന്നുമാണ് ഗെലോട്ടിന്റെ കണക്ക്കൂട്ടൽ. എന്നാൽ, വിമത എം.എൽ.എമാർ അയോഗ്യരാക്കപ്പെടുന്നില്ലെങ്കിൽ പ്രശ്നമാകും . അവർ സർക്കാരിനെതിരേ വോട്ട് ചെയ്താൽ കോൺഗ്രസ് ഭരണം പ്രതിസന്ധിയിലാകും. പിന്നീട് ഇവർ അയോഗ്യരാക്കപ്പെട്ടാലും ഇപ്പോൾ ചെയ്യുന്ന വോട്ട് സാധുവായിരിക്കും.

കോൺഗ്രസിൽ ഭിന്നസ്വരം

രാജസ്ഥാനിൽ സർക്കാരിനെതിരേയുള്ള അട്ടിമറി ശ്രമവും തലമുറത്തർക്കവും കോടതി കയറിയതിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചന. പാർട്ടിയും സ്പീക്കറും സുപ്രീംകോടതി വരെ പോയത് ശരിയായില്ല. വിഷയം പാർട്ടിയിൽ തന്നെ പരിഹരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.