ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ സച്ചിൻ പൈലറ്റിന്റെ വലം കൈയും കോൺഗ്രസ് എം.എൽ.എയുമായ ഭൻവർലാൽ ശർമയെ തെരഞ്ഞ് രാജസ്ഥാൻ പൊലീസ്. ഹരിയാനയിലെ മനേസറിൽ സച്ചിൻ പക്ഷത്തുള്ള എം.എൽ.എമാർ താമസിച്ച ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്ന് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിയിലാണ് ഭൻവർലാൽ ശർമ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, സഞ്ജയ് ജെയിൻ എന്നിവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ ഹരിയാനയിലെ ഹോട്ടൽ അധികൃതർ ഇതുവരെ കൈമാറിയിട്ടില്ല. എം.എൽ.എമാരെ തിരക്കി എത്തിയ രാജസ്ഥാൻ പൊലീസിനെ ഹോട്ടലിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഒരു മണിക്കൂറോളം ഹരിയാന പൊലീസ്, രാജസ്ഥാൻ പൊലീസിനെ തടഞ്ഞു വെച്ചു. പിന്നീട് ഹോട്ടലിനുള്ളിൽ കടന്നപ്പോൾ എം.എൽ.എമാർ ഇവിടെയില്ലെന്ന് പറഞ്ഞ് ഹോട്ടൽ അധികൃതർ കൈ മലർത്തി. പിന്നീട് തങ്ങൾ മടങ്ങിപ്പോരുകയായിരുന്നെന്നാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ അശോക് രാത്തോഡ് വ്യക്തമാക്കി.