ന്യൂഡൽഹി: കാർഗിൽ വിജയ ദിവസം പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'അകാരണമായ ശത്രുത പാകിസ്ഥാന്റെ ശീലമാണ്. ഇന്ത്യയെ പാകിസ്ഥാൻ പിന്നിൽ നിന്ന് കുത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ശത്രുവിനെ തുരത്തി. പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഈ ദിവസം നമുക്ക് ഒരിക്കലും മറക്കാനാകില്ല. . കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പ്രകടിപ്പിച്ച ധീരതയും ശക്തിയും ലോകം കണ്ടു.' - കാർഗിലിൽ ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് അഭിവാദ്യമർപ്പിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു..
കൊവിഡിൽ നിന്ന് മുക്തി നേടുമെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് മോദി അഭ്യർത്ഥിച്ചു. രാജ്യം കനത്ത നഷ്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും കൊവിഡിനെതിരെ മികച്ച പോരാട്ടമാണ് നടത്തുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് വളരെ മികച്ചതാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്കായി. എന്നാൽ കൊവിഡ് ഭീഷണി മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജാഗ്രതയോടെ ഇരിക്കണം. . മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടുള്ളവർ, സർവസമയവും മാസ്ക് ധരിച്ച് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെക്കുറിച്ച് ചിന്തിക്കണം- മോദി പറഞ്ഞു.