ന്യൂഡൽഹി: കഴിഞ്ഞ ജനുവരി മുതൽ ജയിലിൽ കഴിയുന്ന ഡോ. കഫീൽഖാൻ മോചിതനായതായി വ്യാജപ്രചാരണം. അദ്ദേഹത്തിന്റെ പഴയഫോട്ടോകൾ ഉപയോഗിച്ചാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ തെറ്റായ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഡോക്ടർ ഇപ്പോഴും തടവറയിൽ തന്നെയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഡോ. കഫീൽ ഖാൻ അറസ്റ്റിലായത്. ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയുടെ പേരിൽ മുംബയ് വിമാനത്താവളത്തിൽനിന്ന് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടുകയായിരുന്നു.
കഫീലിന്റെ ജാമ്യാപേക്ഷ ജൂലായ് 27 ന് പരിഗണിക്കുമെന്ന് സഹോദരൻ അദീൽ അഹമ്മദ് ഖാൻ അറിയിച്ചു. ''സഹോദരൻ ഇപ്പോഴും ജയിലിൽ തന്നെയാണുള്ളത്. ഇപ്പോൾ പ്രചരിക്കുന്നത് അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളാണ്. ഗോരഖ്പൂർ ശിശുമരണത്തിന്റെ പേരിൽ യോഗി സർക്കാർ അദ്ദേഹത്തെ അന്യായമായി തടവിലിട്ടിരുന്നു. ഈ സംഭവത്തിൽ മാസങ്ങൾക്ക് ശേഷം മോചനം ലഭിച്ചപ്പോഴുള്ള ഫോട്ടോകളാണ് കഴിഞ്ഞ ദിവസം മുതൽ പുതിയതെന്ന പേരിൽ പ്രചരിക്കുന്നത്.'- അദീൽ പറഞ്ഞു.