ന്യൂഡൽഹി: യു.സി ന്യൂസ് ആപ്ലിക്കേഷനിലെ വ്യാജ വാർത്തയെ എതിർത്തതിന് തന്നെ പുറത്താക്കിയെന്ന ജീവനക്കാരന്റെ പരാതിയിൽ ചൈനീസ് കോടീശ്വരൻ ജാക്ക് മാക്കിനും അദ്ദേഹത്തിന്റെ കമ്പനിയായ ആലിബാബയ്ക്കും ഗുഡ്ഗാവ് കോടതി സമൻസ് അയച്ചു. യു.സി വെബ് ജീവനക്കാരനായിരുന്ന പുഷ്‌പേന്ദ്ര സിംഗ് പാർമറാണ് പരാതിക്കാരൻ.
ചൈനയ്ക്ക് അനുകൂലമല്ലാത്ത ഉള്ളടക്കങ്ങൾ കമ്പനി പതിവായി സെൻസർ ചെയ്‌തെന്നും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ യുസി ബ്രൗസറും യുസി ന്യൂസും പ്രസിദ്ധീകരിച്ചുവെന്നുമാണ് ആരോപണം. ജൂലായ് 29ന് അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാകാൻ ആലിബാബ കമ്പനി, ജാക്ക് മാക്ക് ഉൾപ്പെടെയുള്ളവർക്ക് ജഡ്ജി സോണിയ ഷിയോകാന്ത് നോട്ടീസ് നൽകി. 30 ദിവസത്തിനുള്ളിൽ എഴുതിത്തയ്യാറാക്കിയ മറുപടിയും നൽകണം.
ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസർ, യുസി ന്യൂസ് തുടങ്ങിയ 57 ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.