ന്യൂഡൽഹി: മാസ്‌ക് വയ്ക്കാതെ ചുറ്റി നടന്ന ആടിനെ പൊലീസ് അറസ്റ്റ് ചെയ്തു! കേൾക്കുമ്പോൾ അൽപ്പം അതിശയോക്തിയല്ലേ എന്ന് സംശയം തോന്നിയാലും സംഭവം സത്യമാണ്. യു.പിയിലെ കാൻപൂരിലെ ബസോം ഗഞ്ച് പൊലീസാണ് ഇങ്ങനെയൊരു വിഖ്യാത അറസ്റ്റ് നടത്തിയിരിക്കുന്നത്. റോഡിൽ അലഞ്ഞുനടന്ന ആടിനെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഉടമസ്ഥന്, ഇനി മാസ്‌ക്കില്ലതെ പുറത്തിറക്കി വിടില്ല എന്ന ഉറപ്പിൻമേൽ പൊലീസ് ആടിനെ തിരിച്ചു നൽകി.
ആട് മാസ്‌ക് വയ്ക്കാതെ ലോക്ക്ഡൗൺ നിയമം തെറ്റിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസുകാരിൽ ഒരാൾ പറഞ്ഞത്. 'ആളുകൾ ഇപ്പോൾ നായ്ക്കൾക്ക് വരെ മാസ്‌ക് വച്ചുകൊടുക്കുന്നുണ്ട്. പിന്നെ ആടിന് മാസ്‌ക് വച്ചാൽ എന്താണ് കുഴപ്പം?' എന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം.
'പട്രോളിംഗിനിടെ, ഒരു യുവാവ് മാസ്‌ക് വയ്ക്കാതെ ആടുമൊത്ത് വരുന്നത് കണ്ടു. എന്നാൽ പൊലീസിനെ കണ്ടപ്പോൾ ഇയാൾ ഓടിക്കളഞ്ഞു. നോക്കിയപ്പോൾ ആടിനും മാസ്ക്കില്ല ,അങ്ങനെയാണ് ആടിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. പിന്നീട് ആടിനെ ഉടമസ്ഥന് തിരിച്ചുനൽകി.' സർക്കിൾ ഇൻസ്‌പെക്ടർ വ്യക്തമാക്കി.