ന്യൂഡൽഹി: ലോകത്തെ പോർ വിമാനങ്ങളിൽ കരുത്തുറ്റ റാഫേൽ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 59000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങുന്ന ആയുധസജ്ജമായ 36 വിമാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് ഇപ്പോൾ എത്തുന്നത്. നാളെ രാവിലെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ വന്നിറങ്ങുന്ന വിമാനങ്ങൾ ചൈനയുമായി അതിർത്തി പ്രശ്നം നിലനിൽക്കുന്ന ലെഡാക്കിലേക്ക് പറക്കാനാണ് സാദ്ധ്യത.
അമ്പതിനായിരം അടിവരെ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഈ സൂപ്പർ സോണിക് വിമാനങ്ങൾ ചൈന, പാക് അതിർത്തികളിൽ ഇന്ത്യയ്ക്ക് കരുത്താവും. ഏഴായിരം കിലോമീറ്റർ താണ്ടി വരുന്ന വിമാനങ്ങൾ പറത്തുന്നത് ഫ്രാൻസിൽ പരിശീലനം നേടിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരാണ്. ഇന്ധനം നിറയ്ക്കാനായി അബുദാബിയിലെ അൽ ധ്രാഫ്ര ഫ്രഞ്ച് വ്യോമതാവളത്തിൽ ഇറങ്ങിയതിനാലാണ് എത്താൻ വൈകുന്നത്.ഫ്രാൻസിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ ഫ്രഞ്ച് ടാങ്കർ വിമാനങ്ങളും അവിടെ നിന്ന് അംബാല വരെ ഇന്ത്യൻ ടാങ്കറുകളും ഒപ്പം പറക്കും.
ഇവയിൽ ഇരട്ടയും ഒറ്റയും സീറ്റുള്ള വിമാനങ്ങളുണ്ട്. ഇന്ത്യൻ അതിർത്തികളിലെ സാഹചര്യങ്ങൾക്കനുസരിച്ച് സാങ്കേതിക വിദ്യയും ആയുധശേഷിയും ഉൾക്കൊണ്ടാണ് റാഫേൽ എത്തുന്നത്. 2022ഓടെ ബാക്കി വിമാനങ്ങളും കൈമാറും.
ആയുധക്കരുത്ത്
മിറ്റിയോർ, സ്‌കാൽപ് എന്നിവയ്‌ക്കു പുറമെ ഹാമർ മിസൈലുകളുമുണ്ട്. അസ്ത്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാം.9.3 ടൺ ആയുധങ്ങൾ വഹിക്കാം.ആണവപോർമുനയും വഹിക്കും.
മിസൈലുകൾ
1. മീറ്റിയോർ: ശത്രു വിമാനങ്ങൾ അടക്കം ആകാശ ലക്ഷ്യങ്ങൾ തകർക്കാൻ ശബ്‌ദത്തെക്കാൾ വേഗത്തിൽ 120 – 150 കിലോമീറ്റർ ദൂരം സഞ്ചരിക്കും.ലെഡാക്ക് പോലുള്ള പർവത മേഖലകളിലും പ്രയോജനം.
2. സ്‌കാൽപ്: ആകാശത്തു നിന്നു ഭൂമിയിലെ ശത്രു താവളങ്ങളിലേക്ക് തൊടുക്കുന്ന ക്രൂസ് മിസൈൽ. 300 കിലോമീറ്റർ അകലെവരെയുള്ള ശത്രുസങ്കേതം തകർക്കും. ഒരു റാഫേൽ രണ്ടു സ്‌കാൽപ് മിസൈലുകൾ വഹിക്കും.
3.ഹാമർ:ശത്രു ഒളിഞ്ഞിരിക്കുന്ന ബങ്കറുകൾ വരെ തകർക്കാൻ ശേഷി. അറുപതു മുതൽ എഴുപതുവരെ കിലോമീറ്റർ അകലെ ഭൂമിയിലുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാം. മലനിരകളിലെ പാറക്കൂട്ടംവരെ തുരന്ന് കയറുന്ന മിസൈൽ ഇന്ത്യയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം ഉൾപ്പെടുത്തുകയായിരുന്നു.