chinees-app

ന്യൂഡൽഹി: ടിക്ക് ടോക്ക് അടക്കം 59 ചൈനീസ്‌ ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ഈ ആപ്പുകളുടെ ക്ലോൺ പതിപ്പുകളായ 47 ആപ്പുകളും ഇന്ത്യ നിരോധിച്ചു. ടിക്ക്‌ടോക്ക് ലൈറ്റ്, ഹലോ ലൈറ്റ്, ഷെയർ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ് തുടങ്ങി നേരത്തെ നിരോധിച്ച ആപ്പുകളുടെ ക്ലോൺ പതിപ്പുകൾ പ്ലേസ്‌റ്റോറിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

ഇതിനു പുറമേ ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ഗെയിം ആപ്പായ പബ്‌ജി അടക്കം 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐ.ടി മന്ത്രാലയം ഇന്നലെ രാവിലെ ശുപാർശ ചെയ്തു. അലി എക്‌സ്‌പ്രസ്, സിലി, റെസോ, യു ലൈക്, ലുഡോ, വേൾഡ്, 141 എം.ഐ ആപ്പുകൾ,​ എൽ.ബി.ഇ. ടെക്, പെർഫക്റ്റ് ക്രോപ്, സിന ക്രോപ്പ്, യൂസൂ ഗ്ലോബൽ,​ കാപ്പ്കട്ട്, ഫേസ്‌യു, നെറ്റീസ് ഗെയിംസ്, മെയ്റ്റു, അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിലുള്ളത്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെ ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനു പിന്നാലെയാണ് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.

ഇന്ത്യ വമ്പൻ വിപണി

ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നു. ഗെയ്മിംഗ് ആപ്പായ പബ്‌ജിയുടെ ഉപഭോക്താക്കളധികവും ഇന്ത്യാക്കാരാണ്. ചൈനീസ് പങ്കാളിത്തത്തോടെ ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളാണ് പബ്‌ജിയുടെ നിർമ്മാതാവ്. ഇന്ത്യയിൽ ഇതുവരെ 17.5 കോടി ഫോണുകളിൽ പബ്‌ജി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സിയോമിയുടെ കീഴിലുള്ളതാണ് സിലി. ടിക്ക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെ കീഴിലുള്ളതാണ് റെസോയും യുലൈക്കും. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് അലി എക്‌സ്‌പ്രസ്.

ക്ലോൺ

ഒരു ആപ്പിന്റെ ചില സ്വഭാവങ്ങൾ കൂടി (ഫീച്ചേഴ്സ്) ഉൾപ്പെടുത്തി , ചെറിയ മാറ്റങ്ങൾ വരുത്തി മറ്റൊരു ആപ്പ് നിർമ്മിക്കുകയാണ് ക്ലോണിലൂടെ ചെയ്യുന്നത്. പുതിയ ആപ്പിന്റെയും പഴയ ആപ്പിന്റെയും പൊതു സ്വഭാവം ഒന്നായിരിക്കും.