ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അടിയന്തരമായി ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം തടഞ്ഞ് 21 ദിവസ മുൻകൂർ നോട്ടീസ് നൽകി നിയമസഭ സമ്മേളനം വിളിക്കാമെന്ന് ഗവർണർ കൽരാജ് മിശ്രയുടെ നിർദ്ദേശം. ഗവർണർക്കെതിരെ ഗെലോട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകി. അതിനിടെ സച്ചിൻ പൈലറ്റിനും വിമത എം.എ.എമാർക്കുമെതിരായ അയോഗ്യ നടപടിയുമായി ബന്ധപ്പെട്ട് സുപ്രീകോടതിയിൽ നൽകിയ ഹർജി സ്പീക്കർ സി.പി.ജോഷി പിൻവലിച്ചു.
ജൂലായ് 31ന് നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന മന്ത്രിസഭാ ശുപാർശ രണ്ടാമതും തള്ളിയ ശേഷമാണ് ഗവർണർ മിശ്ര ഇന്നലെ ഉപാധികൾ മുന്നോട്ടുവച്ചത്. സഭ സമ്മേളിക്കുന്നതിനോട് എതിർപ്പില്ലെന്നും വിശ്വാസ വോട്ടെടുപ്പാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അക്കാര്യം ശുപാർശയിൽ സൂചിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന്റെ കാര്യം മാദ്ധ്യമങ്ങളോട് പറയുന്ന മുഖ്യമന്ത്രി ശുപാർശയിൽ അതു പരാമർശിച്ചിട്ടില്ല. കൊവിഡ് കാലത്ത് എം.എൽ.എമാർക്ക് യാത്രാ സൗകര്യം ഒരുക്കാൻ 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി സഭ വിളിച്ചു ചേർക്കാം. സഭയ്ക്കുള്ളിൽ സുരക്ഷാ അകലം പാലിക്കണമെന്നും സമ്മേളനത്തിന്റെ തൽസമയ സംപ്രേക്ഷണം ഒരുക്കണമെന്നുമാണ് മറ്റ് ഉപാധികൾ. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ശുപാർശ വീണ്ടും സമർപ്പിക്കാനും ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടു.
അതിനിടെ കോൺഗ്രസ് ക്യാമ്പിന് ആശ്വാസം പകർന്ന് ആറ് മുൻ ബി.എസ്.പി എം.എൽ.എമാരുടെ ലയനത്തിനെതിരെ ബി.ജെ.പി നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളി.
'ലവ് ലെറ്റർ' കിട്ടിയെന്ന് ഗെലോട്ട്
ഗവർണറുടെ ആറു പേജുള്ള 'ലവ് ലെറ്റർ' കിട്ടിയെന്നായിരുന്നു മുഖ്യമന്ത്രി ഗെലോട്ടിന്റെ പ്രതികരണം. വെള്ളിയാഴ്ച നൽകിയ മന്ത്രിസഭാ ശുപാർശയും വ്യക്തത ആവശ്യപ്പെട്ട് ഗവർണർ തിരിച്ചയച്ചിരുന്നു. ഗവർണറുടെ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചെന്നും ഗെലോട്ട് പറഞ്ഞു. വെള്ളിയാഴ്ച രാജ്ഭവനു മുന്നിൽ ഗെലോട്ടും എം.എൽ.എമാരും അഞ്ചുമണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. 102 എം.എ.എമാരുടെ പട്ടികയുമായി മിശ്രയെ കണ്ട ശേഷമായിരുന്നു പ്രതിഷേധം.
ഹർജി പിൻവലിച്ചു
അയോഗ്യ നടപടിക്കെതിരെ സച്ചിൻ പൈലറ്റും വിമത എം.എ.എമാരും നൽകിയ പരാതി പരിഗണിക്കുന്ന രാജസ്ഥാൻ ഹൈക്കോടതിയെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി സ്പീക്കർ സി.പി.ജോഷി പിൻവലിച്ചു. അയോഗ്യതാ നടപടികൾ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ആലോചനയുണ്ടെന്ന് അറിയിച്ച ശേഷമാണ് സ്പീക്കറുടെ അഭിഭാഷകൻ കപിൽ സിബൽ ഹർജി പിൻവലിച്ചത്. അയോഗ്യതാ നടപടികളിൽ സ്പീക്കറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേൾക്കാനിരിക്കെയാണ് നടപടി. രാജസ്ഥാൻ ഹൈക്കോടതിയും ഇതുസംബന്ധിച്ച 13 കാര്യങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
♦
"സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. ഗെലോട്ട് സർക്കാരിന് ഭൂരിപക്ഷമുണ്ട്. -
രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ
♦
"2014 മുതൽ ബി.ജെ.പി നിയമിച്ച ഗവർണർമാർ തുടർച്ചയായി ഭരണഘടനാ വിരുദ്ധമായ നടപടികളാണ് കൈക്കൊള്ളുന്നത് - പി. ചിദംബരം, കോൺഗ്രസ് നേതാവ്