ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിക്കാനും രോഗവ്യാപന തോത് മനസിലാക്കാനും ലക്ഷ്യമിട്ട് ഡൽഹി, മുംബയ്, കൊൽക്കത്ത നഗരങ്ങളിൽ സ്ഥാപിച്ച അത്യാധുനിക ടെസ്‌റ്റിംഗ് കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധനാ ശേഷി അഞ്ച് ലക്ഷത്തിൽ നിന്ന് ഉടൻ10 ലക്ഷമായി വർദ്ധിക്കുമെന്ന് പ്രധാനമന്ത്രിപറഞ്ഞു.
ഐ.സി.എം.ആറിന് കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി നോയിഡ നാഷണൽ കാൻസർ പ്രതിരോധ ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്, മുംബയ് ദേശീയ റീപ്രൊഡക്‌ടീവ് ഹെൽത്ത് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത ദേശീയ കോളറ ആൻഡ് എന്ററിക് ഡിസീസ് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് ദിവസേന 10,000 സാമ്പികളുകൾ പരിശോധിക്കാനാകുന്ന കേന്ദ്രങ്ങൾ സജ്ജമാക്കിയത്. ഹെപ്പറ്റൈറ്റിസ് ബി-സി, എച്ച്.ഐ.വി, ക്ഷയരോഗം, സൈറ്റോമെഗാലോ വൈറസ്, ലമീഡിയ, നീസേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കാനാകും.
ഗ്രാമങ്ങളിൽ കൊവിഡ് പ്രതിരോധം കൂടുതൽ ശക്‌തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ഉൽസവ കാലത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിലവിൽ 11,000 കൊവിഡ് കേന്ദ്രങ്ങളും 11ലക്ഷം ഐസൊലേഷൻ കിടക്കകളും ലഭ്യമാണ്. ജനുവരിയിൽ ഒരു കൊവിഡ് പരിശോധനാ കേന്ദ്രം മാത്രമായിരുന്നെങ്കിൽ ഇന്ന് 1300 ലാബുകൾ പ്രവർത്തിക്കുന്നു. വീഡിയോ കോൺഫറൻസ് വഴി നടന്ന പരിപാടിയിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവരും പങ്കെടുത്തു.