ന്യൂഡൽഹി: കേരളം അടക്കം വിവിധ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാര കുടിശ്ശിക ഇനത്തിൽ കേന്ദ്രസർക്കാർ മാർച്ചിലെ വിഹിതമായി 13,806 കോടിരൂപ നൽകി. ഇതോടെ 2019-20 സാമ്പത്തിക വർഷത്തെ കുടിശ്ശികയെല്ലാം സംസ്ഥാനങ്ങൾക്ക് നൽകിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. നഷ്‌ടപരിഹാര കുടിശ്ശിക ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ആകെ നൽകിയത് 1,65,302 കോടി രൂപയാണ്. ഇതിൽ കേരളത്തിന് 8111 കോടി ലഭിച്ചു.
എന്നാൽ കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം സെസ് ഇനത്തിൽ കേന്ദ്രസർക്കാരിന് പിരിഞ്ഞു കിട്ടിയത് 95,444 കോടിരൂപയാണ്. അതിനാൽ നഷ്‌ടപരിഹാര കുടിശ്ശിക നൽകാൻ മുൻ വർഷങ്ങളിൽ പിരിഞ്ഞു കിട്ടിയ തുക വിനിയോഗിച്ചെന്നും ധനമന്ത്രാലയം വിശദീകരിച്ചു.