cpm

ന്യൂഡൽഹി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കേരള സർക്കാരിന് പൂർണ പിന്തുണയുമായി സി.പി.എം കേന്ദ്രകമ്മിറ്റി. എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് സ്വർണക്കടത്ത് കേസിന്റെ മറവിൽ നടക്കുന്നതെന്ന് രണ്ടുദിവസമായി ചേർന്ന വെർച്ച്വൽ സി.പി.എം കേന്ദ്രകമ്മിറ്റിയോഗം വിലയിരുത്തി. കൊവിഡ് മഹാമാരിക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടസമയത്ത് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും സി.പി.എം വ്യക്തമാക്കി.
സ്വർണക്കടത്ത് വിഷയം കേന്ദ്ര ഏജൻസിയായ എൻ.ഐ.എ അന്വേഷിച്ചുവരികയാണെന്നും ആർക്കെങ്കിലും എന്തെങ്കിലും ക്ലീൻ ചിറ്റു നൽകേണ്ടത് മറ്റാരെങ്കിലുമല്ലെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചുള്ള വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
തെറ്റായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ച് എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. സ്വർണം കടത്തിയ കേസ് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടതാണ്. എൻ.ഐ.എ അന്വേഷണം നടത്തുന്നുമുണ്ട്. കുറ്റക്കാരെ എൻ.ഐ.എ കണ്ടെത്തി ശിക്ഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി..
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്തിൽ ഉന്നയിച്ചിട്ടുള്ള വിഷയങ്ങളൊന്നും പുതിയതല്ല. നേരത്തെ ഉന്നയിച്ചതും പാർട്ടി മറുപടി നൽകിയിട്ടുള്ളതുമാണ്. കൺസൽട്ടസി പോലുള്ള വിഷയങ്ങൾക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും യെച്ചൂരി പറഞ്ഞു.