ന്യൂഡൽഹി : റേഷൻ കാർഡിൽ പേരുള്ള എല്ലാവർക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്ന പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി കെ പളനിസ്വാമിയുടേതാണ് ആശയം. ഇതിലൂടെ ഏകദേശം 69 ലക്ഷം കുടുംബങ്ങളിലേക്ക് മാസ്‌കുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനമെന്നോണം അഞ്ച് പേർക്ക് സെക്രട്ടേറിയേറ്റിൽ വച്ച് മുഖ്യമന്ത്രി മാസ്‌ക് വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് റേഷൻ കടകളിലൂടെ പദ്ധതിയുടെ ഭാഗമായി മാസ്‌കുകൾ വിതരണം ചെയ്യും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 4.44 കോടി മാസ്‌കുകൾ 69.08 ലക്ഷം കുടുംബങ്ങളിലേക്കായി വിതരണം ചെയ്യും. ജി.സി.സിയുടെ കണക്കുകൾ പ്രകാരം ഇതിനോടകം തന്നെ 45 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ 2.08 കോടി റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇതിലൂടെ 6.74 കോടി ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകുന്നു. 2,14,000 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് രോഗം ബാധിച്ചത്. മൂവായിരത്തിയഞ്ചൂറോളം മരണവും സംഭവിച്ചു.