ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ തലവനാണെന്ന പേരിൽ മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹപരസ്യം നൽകി സ്ത്രീകളിൽ നിന്ന് പണവും സ്വർണവും തട്ടുന്നത് ഹോബിയാക്കിയ യുവാവ് ഡൽഹി പൊലീസിന്റെ പിടിയിലായി. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. ഇയാൾ വനിതാ ഡോക്ടറിൽ നിന്ന് 15 ലക്ഷവും മറ്റ് സ്ത്രീകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും കൈക്കലാക്കി.
ഇതിൽ ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് അങ്കിതിന്റെ തട്ടിപ്പ് പുറത്തായത്. മുദിത് ചൗള എന്ന വ്യാജ പേരാണ് അങ്കിത് ഇവരോട് പറഞ്ഞത്. മുദിത് ചൗള എന്നൊരാൾ 2018 ഡിസംബറിൽ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാർ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്.
മാട്രിമോണിയൽ സൈറ്റ് വഴി തുടങ്ങിയ പരിചയം പിന്നീട് ഇ മെയിൽ, ഫോൺ, വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ മുന്നോട്ടുപോയി. അതിന് ശേഷം ചെറിയ തുകകൾ അങ്കിത് ഇവരോട് കടം വാങ്ങി. അത് തിരിച്ച് നൽകി സ്ത്രീയുടെ വിശ്വാസ്യത ആർജ്ജിച്ചു. പിന്നീട് തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും ആ നഷ്ടം നികത്താനാവശ്യമായ പണത്തിനായി ലോൺ എടുക്കണമെന്നും ഇയാൾ സ്ത്രീയോട് പറഞ്ഞു. വിവാഹം കഴിക്കാമെന്ന ഉറപ്പിൽ സ്ത്രീ ലോൺ തന്റെ പേരിൽ എടുത്ത് നൽകി. 17 ലക്ഷം രൂപയോളം അങ്കിത് തന്നിൽ നിന്ന് കൈക്കലാക്കിയെന്നും സ്ത്രീയുടെ പരാതിയിലുണ്ട്. പണം ലഭിച്ച ശേഷം വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞുമാറിയെന്നും പിന്നീട് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും അവർ പരാതിയിൽ പറയുന്നു.
വിധവകളും വിവാഹ ബന്ധം വേർപ്പെടുത്തിയതുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. ലാപ്‌ടോപ്, രണ്ട് മൊബൈൽ ഫോണുകൾ, കാർ, വിവിധ പേരുകളിലുള്ള കൃത്രിമ ആധാർ കാർഡുകൾ എന്നിവയും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.