grind

ഡെൻമാർക്കിലെ ഫെറോ ദ്വീപിലെ രക്തരൂക്ഷിതമായ ഒരു ആചാരമാണ് തിരിമംഗലക്കുരുതി. ഉത്തര അത്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിൽ ഗ്രിൻഡഡ്രാപ് എന്നറിയപ്പെടുന്ന ഈ ആചാരത്തിന്റെ ഭാഗമായി ഓരോ വർഷവും ആയിരത്തോളം തിമിംഗലങ്ങളെയും ഡോൾഫിനുകളെയുമാണ് ദ്വീപ് നിവാസികൾ കൊന്നൊടുക്കുന്നത്. സർക്കാരിന്റെ മേൽനോട്ടത്തിലാണ് തിമിംഗല വേട്ട നടക്കുന്നതെന്നതാണ് മറ്റൊരുകാര്യം.

ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് ഈ തിമിംഗല കുരുതി. മേയ്,​ ആഗസ്റ്റ് മാസങ്ങളിൽ തിമിംഗലങ്ങൾ കൂട്ടമായി സഞ്ചരിക്കുന്ന പാത കണക്കാക്കിയാണ് തിമിംഗലവേട്ട നടത്തുന്നത്. തിമിംഗലങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കൂട്ടമായി ബോട്ടുകളിലും തോണികളിലും കടലിലിറങ്ങുന്ന നാട്ടുകാർ,​ അവയെ വളയുകയും തീരക്കടലിലേയ്ക്ക് കൊണ്ടുവരികയും ചെയ്യും.

തീരത്തോട് അടുക്കുന്നതോടെ തിമിംഗലങ്ങളുടെ തലയിലെ വെള്ളം ചീറ്റുന്ന ദ്വാരത്തിൽ പ്രത്യേക തരത്തിലുള്ള കൊളുത്ത് ഘടിപ്പിച്ച് വലിച്ചടുപ്പിക്കും. തുടർന്ന് മൂർച്ചയേറിയ വാൾ പോലുള്ള ആയുധം ഉപയോഗിച്ച് തിമിംഗലത്തിന്റെ കഴുത്ത് വെട്ടും. തലച്ചോറിലേയ്ക്ക് രക്തമെത്തുന്ന ഞരമ്പുകൾ മുറിയുന്നതോടെ രക്തം നഷ്ടപ്പെട്ട് തിമിംഗലം ചാവും. ഇതിനിടയിൽ ചോര ചീറ്റിത്തെറിച്ച് കടൽത്തീരം അപ്പാടെ ചുവക്കുകയും ചെയ്യും.

തിമിംഗലങ്ങളുടെ ഈ കൂട്ടക്കുരുതിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. കൂട്ടക്കുരുതി തിമിംഗലങ്ങളുടെ വംശനാശത്തിനിടയാക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് ഈ തിമിംഗലവേട്ട നടക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

തിമിംഗലക്കശാപ്പിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ധാരാളമായി പ്രചരിക്കുന്നുണ്ട്. കടുത്ത ക്രൂരതയാണെന്നും ഇത് തിമിംഗലങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി കടുത്ത വിമർശനവും ഉയരുന്നുണ്ട്.

എന്നാൽ,​ ഡെൻമാർക്കുകാരെ സംബന്ധിച്ചിടത്തോളം ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഇത് ആചാരത്തിന്റെ ഭാഗമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നുമാണ് അവരുടെ നിലപാട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ തിമിംഗലങ്ങളുടെ ഒരു ശതമാനം മാത്രമാണ് ഈ ആചാരത്തിന്റെ ഭാഗമായി കൊല്ലപ്പെടുന്നതെന്നും ഇവർ ചൂട്ടിക്കാട്ടുന്നു.

1584 മുതൽ ഇത്തരത്തിൽ ഇവിടെ തിമിംഗലവേട്ട നടക്കുന്നുണ്ട്. ഇവിടത്തെ പ്രധാന ഭക്ഷണമാണ് തിമിംഗല മാംസം. ഫെറോ ദ്വീപുവാസികളുടെ ജീവിതത്തിന്റെ ഭാഗമാണിതെന്നും അവർ പറയുന്നു. ദ്വീപ് വാസികളുടെ ഭക്ഷണ ആവശ്യം കൂടി നിറവേറ്റുന്നതിനാൽ ഇതിനെ ഒരു ആചാരം മാത്രമായി കാണാനാവില്ലെന്നുമാണ് നാട്ടുകാർ നിരത്തുന്ന ന്യായം.