ന്യൂഡൽഹി: ലോക്ഡൗണിൽ സിനിമാഷൂട്ടിംഗ് നിലച്ചതോടെ സ്വന്തം വീട്ടിൽ ചൂതാട്ടകേന്ദ്രം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച തെന്നിന്ത്യൻ സിനിമാനടൻ ഷംസുദ്ദീൻ ഇബ്രഹിം (ഷാം) അറസ്റ്റിൽ. സംവിധായകനും വ്യവസായ പ്രമുഖരും വൻകിട വ്യാപാരികളും ഉൾപ്പെടെ 12 പേരും ഷാമിനൊപ്പം പിടിയിലായി.
ചൂതാട്ടത്തിൽ വൻതുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഒറ്റിയതെന്നാണ് വിവരം. ചെന്നൈ നുങ്കംപാക്കത്തെ സ്വന്തം അപ്പാർട്ട്മെന്റിലാണ് ഷാം ചൂതാട്ട കേന്ദ്രം ആരംഭിച്ചത്. രാത്രി 11 മുതൽ പുലർച്ച നാല് വരെയായിരുന്നു പ്രവർത്തനം. രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി നുങ്കംപാക്കം അസി. കമ്മിഷണർ മുത്തുവേൽപാണ്ടിയുടെ നേതൃത്വത്തിൽ പൊലീസ് ടീം മിന്നൽ പരിശോധന നടത്തിയതോടെയാണ് ഷാം പിടിയിലായത്. ലക്ഷക്കണക്കിന് രൂപയും ചൂതാട്ടത്തിന് ഉപയോഗിച്ച ടോക്കണുകളും ചീട്ടുകെട്ടുകളും മറ്റും പൊലീസ് കണ്ടെടുത്തു. ചൂതാട്ട നിയമപ്രകാരം അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചൂതാട്ടത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മോഡലിംഗിലൂടെ തമിഴ് സിനിമാരംഗത്ത് എത്തിയ ഷാമിന്റെ ആദ്യ ചിത്രം 2001ൽ പുറത്തിറങ്ങിയ 12ബിയാണ്. കന്നട, തമിഴ് ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. വില്ലൻ, സ്വഭാവ നടൻ വേഷങ്ങൾ ചെയ്തു വരികയായിരുന്നു. മലയാളത്തിൽ 'ഗ്രേറ്റ് ഫാദർ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.