ashok-gehlot

ന്യൂഡൽഹി / ജയ്‌പൂർ: രാജസ്ഥാനിൽ ഗവർണർ കൽരാജ് മിശ്രയും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പോര് തുടരവെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ജൂലായ് 31ന് പ്രത്യേക സമ്മേളനം വിളിക്കാൻ ആവശ്യപ്പെട്ടുള്ള മൂന്നാമത്തെ മന്ത്രിസഭാ ശുപാർശ, സംസ്ഥാന സർക്കാർ രാജ്‌ഭവന് നൽകി. ഗവർണർ ആവശ്യപ്പെട്ട മൂന്ന് ഉപാധികൾ അനുസരിച്ചാണ് ശുപാർശയെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ വിശ്വാസവോട്ടെടുപ്പിന്റെ കാര്യം പരാമർശിച്ചിട്ടില്ല.

എം.എൽ.എമാർക്ക് സഞ്ചാര സൗകര്യം ഉറപ്പാക്കി 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി നിയമസഭാ സമ്മേളനം വിളിക്കാമെന്ന ഗവർണറുടെ മറുപടിയെ തുടർന്നാണ് ഇന്നലെ വീണ്ടും മന്ത്രിസഭാ യോഗം ചേർന്നത്. സഭയ്‌ക്കുള്ളിൽ സമൂഹ സുരക്ഷ പാലിക്കണമെന്നത് അടക്കം ഗവർണറുടെ മൂന്ന് ഉപാധികളും പാലിക്കുമെന്ന് ശുപാർശയിൽ ഉറപ്പു നൽകുന്നുണ്ട്. എന്നാൽ ഗവർണറുടെ കത്തിൽ പരാമർശിച്ചിരുന്ന 21 ദിവസ മുൻകൂർ നോട്ടീസിന്റെ കാര്യവും സമ്മേളനത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുമോയെന്നും വ്യക്തമാക്കിയിട്ടില്ല. ജൂലായ് 31ന് സഭ ചേരണമെന്നാവശ്യപ്പെട്ട് ഗെലോട്ട് സർക്കാർ നേരത്തെ നൽകിയ രണ്ടു ശുപാർശയും ഗവർണർ തിരിച്ചയച്ചിരുന്നു.

ബി.എസ്.പി-ബി.ജെ.പി നീക്കം

കോൺഗ്രസിൽ ലയിച്ച ആറ് ബി.എസ്.പി എം.എൽ.എമാരുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് മദൻ ദിൽവർ രാജസ്ഥാൻ ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. ബി.എസ്.പിയും കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ്. തിങ്കളാഴ്‌ച ബി.ജെ.പി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഗെലോട്ടിന്റെ നേതൃത്വത്തിൽ ഭരണഘടനാ വിരുദ്ധമായാണ് തങ്ങളുടെ ആറ് എം.എൽ.എമാരെ പാർട്ടിയിൽ ലയിപ്പിച്ചതെന്നും കോടതിയിൽ പോകാൻ അവസരം കാത്തിരിക്കുകയായിരുന്നുവെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. സഭയിൽ കോൺഗ്രസിനെതിരെ വോട്ടു ചെയ്യാൻ ബി.എസ്.പി എം.എൽ.എമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ബി.ജെ.പിക്കൊപ്പം ബി.എസ്.പിയും ചേർന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

" രാഷ്‌ട്രീയ പാർട്ടികളെ പിളർത്തി എം.എൽ.എമാരെ വിലക്കെടുക്കുന്നതിൽ വിദഗ്‌ദ്ധർ കോൺഗ്രസാണ്. ആറ് ബി.എസ്.പി എം.എൽ.എമാരെ കോൺഗ്രസ് വിലക്കെടുത്തതാണ്. രാഷ്‌ട്രീയത്തിൽ കുതിരക്കച്ചവടം എന്ന പ്രയോഗം വന്നതുതന്നെ കോൺഗ്രസ് വഴിയാണ്."

- എച്ച്.ഡി. കുമാരസ്വാമി, ജനതാദൾ നേതാവ്