covid

ന്യൂഡൽഹി: ഷോപ്പിംഗ് മാളിൽ പോകുമ്പോൾ കൊവിഡ് അറിയാൻ താപ പരിശോധന നടത്തിയാൽ മാത്രം പോരെന്നും സ്‌മെൽ ടെസ്റ്റ് കൂടി നടത്തണമെന്ന് ബംഗളൂരു മേയർ ഗൗതംകുമാർ.

മണത്ത് നോക്കുന്നതിലൂടെ കൊവിഡ് കണ്ടെത്താനാകുമെന്നാണ് ഗൗതം കുമാറിന്റെ വാദം.

കൊവിഡ് രോഗികൾക്ക് മണവും രുചിയും നഷ്ടപ്പെടും. അതിനാൽ ആളുകൾക്ക് മണം അറിയാനുള്ള കഴിവ് ഉണ്ടോയെന്ന് പരിശോധിക്കണം. ഷോപ്പിംഗ് മാളിലേക്ക് ഒരാൾ പ്രവേശിക്കുമ്പോൾ അയാളുടെ താപ പരിശോധനയോടൊപ്പം സ്‌മെൽ ടെസ്റ്റ് കൂടി നടത്തണം. എന്നിട്ടേ മാളിനകത്തേക്ക് പ്രവേശനം അനുവദിക്കാവൂ. സ്‌മെൽ ടെസ്റ്റിൽ പരാജയപ്പെട്ടവരെ മാളിനകത്തേക്ക് പ്രവേശിപ്പിക്കരുത്. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും സംസ്ഥാന ആരോഗ്യമന്ത്രിക്കും കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണവും രുചിയും നഷ്ടമാകുന്നത് കൊവിഡ് ലക്ഷണങ്ങളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.