pension

ന്യൂഡൽഹി: കൊവിഡ് കാലത്ത് വിരമിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് താത്‌ക്കാലിക പെൻഷനും ഗ്രാറ്റുവിറ്റിയും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്ഥിരം പെൻഷനുള്ള പെൻഷൻ പേയ്‌മെന്റ് ഓർഡർ (പി.പി.ഒ) നടപടികൾ വൈകാനിടയുള്ളതിനാലാണിതെന്ന് കേന്ദ്ര പഴ്‌സണൽ, പെൻഷൻ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

സ്ഥിരം പെൻഷനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെയാണ് താത്‌ക്കാലിക പെൻഷൻ. ഇതിനായി നിയമത്തിൽ ഇളവു വരുത്തും. വിരമിക്കുന്ന തീയതി മുതൽ ആറുമാസം വരെയാകും ആദ്യം നൽകുക.

ആവശ്യം വന്നാൽ ഒരു വർഷം നീട്ടും. വി.ആർ.എസ്, എഫ്. ആർ 56 എന്നിവ വഴി വിരമിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും.

കൂടാതെ കേന്ദ്ര ജീവനക്കാരുടെ ജനറൽ പ്രൊവിഡന്റ് ഫണ്ട് തുക പലിശയടക്കം പെൻഷൻ ആകുമ്പോൾ നൽകാനായി നേരത്തെ ക്രഡിറ്റ് ചെയ്യണമെന്ന് പെൻഷൻ ആൻഡ് പെൻഷനേഴ്സ് വകുപ്പ് എല്ലാ ഓഫീസുകൾക്കും നിർദ്ദേശം നൽകി.

കൊവിഡ് കാലത്ത് പെൻഷൻ ഫോം, ക്ളെയിം ഫോം എന്നിവയുടെ പകർപ്പുകളും സർവീസ് ബുക്കും അകലെയുള്ള പേ ആൻഡ് അക്കൗണ്ട്‌സ് ഓഫീസുകളിൽ സമർപ്പിക്കാൻ പലരും ബുദ്ധിമുട്ടുന്നുണ്ട്. പലയിടത്തായി ജോലി ചെയ്യുന്ന സായുധ സേനാംഗങ്ങൾക്കാണ് ബുദ്ധിമുട്ട് കൂടുതൽ. വിരമിക്കുമ്പോൾ പെൻഷൻ ലഭ്യമാക്കാൻ ഓൺലൈൻ നടപടികൾ മോദിസർക്കാർ എടുത്തെങ്കിലും കൊവിഡിൽ ഓഫീസുകൾ താളം തെറ്റിയതിനാൽ സമയക്രമം പാലിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.