ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകർ വികസിപ്പിച്ചെടുത്ത ഓക്‌സ്‌ഫോർഡ് - അസ്ട്രാസെനക കൊവിഡ് വാക്‌സിന്റെ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി) അറിയിച്ചു.
ഹരിയാനയിലെ ഇൻക്ലെൻ ട്രസ്റ്റ് ഇന്റർനാഷണൽ, പുനൈയിലെ കെ.ഇ.എം, ഹൈദരാബാദിലെ സൊസൈറ്റി ഫോർ ഹെൽത്ത് അലൈഡ് റിസർച്ച്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജി, തമിഴ്‌നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാകും പരീക്ഷണം നടത്തുക.
വാക്‌സിൻ തയ്യാറായാൽ അത് നിർമിക്കാനായി ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ, പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വാക്‌സിൻ ജനങ്ങളിലേക്കെത്തും മുമ്പ് വിവിധയിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ലഭിക്കേണ്ടതുകൊണ്ടാണ് ലോകത്തിന്റെ പലഭാഗങ്ങളിൽ പരീക്ഷണം നടത്തുന്നത്.
- രേണു സ്വരൂപ്,സെക്രട്ടറി
കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്
പരീക്ഷണ വഴികൾ
വാക്‌സിൻ സുരക്ഷിതമാണെന്നും മനുഷ്യശരീരത്തിൽ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ സഹായകരമാണെന്നും ജൂലായ് 20നാണ് ഗവേഷകർ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ കുറച്ച് ആളുകൾക്ക് വാക്‌സിൻ നൽകി സുരക്ഷിതമാണോ എന്ന് പരിശോധിച്ചു.
രണ്ടാം ഘട്ടത്തിൽ കുട്ടികൾ മുതൽ മുതിർന്നവർവരെ വിവിധ ഗ്രൂപ്പുകളാക്കി ആയിരത്തിലധികം പേർക്ക് വാക്‌സിൻ നൽകി. രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നു. 90ശതമാനം പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടു. ഗുരുതര പാർശ്വഫലങ്ങളുമില്ല.
പ്രായമായവർ, മറ്റു രോഗമുള്ളവർ, രോഗികളുമായി സമ്പർക്കത്തിലേർപ്പെടാൻ സാദ്ധ്യതയുള്ളവർ തുടങ്ങിയവരിലാണ് മൂന്നാംഘട്ട പരീക്ഷണം.
ഇത് വിജയിച്ച് വാക്‌സിൻ ലഭ്യമായാൽ, ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യം നൽകുക.