sanjay-dutt

ന്യൂഡൽഹി : നടൻ സഞ്ജയ് ദത്തിന്റെ മോചനവിവരങ്ങൾ തേടി രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന എ.ജി പേരറിവാളൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആയുധനിയമപ്രകാരമാണ് രണ്ടുപേരും ശിക്ഷിക്കപ്പെട്ടത്. പക്ഷേ, സഞ്ജയ് ദത്തിന് മോചനം ലഭിച്ചു, 29 വർഷമായി തനിപ്പോഴും ജയിലിൽ തന്നെയാണ്. ദത്തിന്റെ മോചനത്തിലേക്കു നയിച്ച നടപടിക്രമങ്ങൾ ആരാഞ്ഞുകൊണ്ടാണ് പേരറിവാളന്റെ അപേക്ഷ. യെർവാഡ ജയിൽ അധികൃതരിൽ നിന്ന് വിവരാവകാശനിയമപ്രകാരം ദത്തിന്റെ മോചനവിവരങ്ങൾ അറിയാൻ 2016ൽ പേരറിവാളൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പേരറിവാളൻ.

സഞ്ജയ് ദത്തും പേരറിവാളനും ഒരേ നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടത്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് സഞ്ജയ് ദത്തിനെ മഹാരാഷ്ട്രാ സർക്കാർ മോചിപ്പിച്ചത്. കേന്ദ്ര അനുമതിയില്ലാതെ പേരറിവാളനെ മോചിപ്പിക്കാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ്, ദത്തിന്റെ മോചനത്തിന്റെ വിശദാംശങ്ങൾ തേടുന്നതെന്ന് പേരറിവാളന്റെ അഭിഭാഷകൻ കെ. ശിവകുമാർ പറഞ്ഞു.

1993ലെ മുംബയ് സ്ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കേസിൽ അഞ്ച് വർഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്. 2013ൽ ജയിലിൽ പോയ ദത്ത് 42 മാസത്തിന് ശേഷം 2016 ഫെബ്രുവരിയിൽ മോചിതനായി.