supremecort

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ സുരക്ഷ മുൻനി‌റുത്തി 4ജി അനുവദിക്കാൻ പാടില്ലെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന് വിരുദ്ധമായി നിലപാടെടുത്ത ജമ്മു കാശ്‌മീർ ലഫ്. ജനറലിന്റെ നടപടി പരിശോധിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.

ഉന്നതാധികാര സമിതിയുടെ പ്രവർത്തനത്തിനെതിരെയുള്ള കോടതി അലക്ഷ്യ കേസിൽ അറ്റോ‌ർണി ജനറൽ വേണുഗോപാൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണിത്. ജസ്റ്റിസ്​ എൻ.വി. രമണ, ആർ.സുഭാഷ്​ റെഡ്ഡി, ബി.ആർ. ഗവായ്​ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇതിനിടെ വിഷയത്തിൽ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ പ്രവർത്തനത്തിനെതിരെ അധികസത്യവാങ്മൂലവുമായി ഹ‌ർജിക്കാരായ ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽസ്​ (എഫ്​.എം.പി), ശുഐബ്​ ഖുറേഷി, ​പ്രൈവറ്റ്​ സ്​കൂൾ അസോസിയേഷൻ ജമ്മു - കാശ്​മീർ എന്നിവർ രംഗത്തെത്തി. ഓരോ ഏഴ് ദിവസം കൂടുമ്പോഴും സമിതി കേന്ദ്ര ഭരണപ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തണമെന്നാണ് ചട്ടം. എന്നാൽ അത് പാലിക്കുന്നില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു.എന്നാൽ ആദ്യ ചർച്ചയ്‌ക്ക് ശേഷം 2 മാസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് സമിതി മുൻകൂട്ടി അറിയിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് ആഗസ്റ്റ് 7ന് വീണ്ടും പരിഗണിക്കും.