vikas-dubey

ന്യൂഡൽഹി: ഗുണ്ടാനേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ നിന്നും ഉത്തർപ്രദേശ് മുൻ പൊലീസ് മേധാവി കെ.എൽ ഗുപ്തയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. കെ.എൽ ഗുപ്ത പക്ഷപാതവും മുൻവിധിയും ഉള്ള ആളാണെന്ന ഹർജിക്കാരുടെ വാദം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.

ഏറ്റുമുട്ടൽ സംഭവത്തിൽ പൊലീസ് ഭാഷ്യം മുഖവിലക്കെടുക്കണമെന്ന് കെ.എൽ ഗുപ്ത മാദ്ധ്യമങ്ങൾക്ക് പ്രസ്താവന നൽകിയെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

എന്നാൽ, പ്രസ്താവനയുടെ ഒരുഭാഗം മാത്രം കേട്ട് അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിയേയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കൂടി ഉൾപ്പെടുത്തി അന്വേഷണ സമിതി പുനഃസംഘടിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി ബി.എസ് ചൗഹാനെ അദ്ധ്യക്ഷനാക്കി മൂന്നംഗ സമിതി പുനഃസംഘടിപ്പിച്ചു. ഇതിലെ അംഗങ്ങളാണ് കെ.എൽ. ഗുപ്തയും അലഹബാദ് ഹൈകോടതി ജഡ്ജി ശശികാന്ത് അഗർവാളും.