delhi-hc

ന്യൂഡൽഹി: ബക്രീദുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഈ ആവശ്യവുമായി ഹർജിക്കാരിക്ക് സർക്കാരിനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

അനധികൃത കശാപ്പ് വൻതോതിലുള്ള മലിനീകരണത്തിന് കാരണമാവുന്നുണ്ടെന്നും അവശിഷ്ടങ്ങൾ യമുനയിലേക്കാണ് തള്ളുന്നതെന്നും കാണിച്ചാണ്, നിയമ വിദ്യാർത്ഥിയായ ഹർജിക്കാരി കോടതിയെ സമീപിച്ചത്.

യമുനയിലെ മലിനീകരണം ദേശീയ ഗ്രീൻ ട്രൈബ്യൂണൽ പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായ കശാപ്പു തടയണമെന്ന പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. ആരൊക്കെയാണ് നിയമലംഘകർ എന്ന് അധികൃതരെ അറിയിക്കാവുന്നതാണെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി നിർദ്ദേശിച്ചു.