dr

ന്യൂഡൽഹി: ആൾപ്പൊക്കം വെള്ളം. പേറ്റുനോവിൽ പുളയുന്ന യുവതി. വാഹനമില്ല. ഒടുവിൽ ഡോക്ടറെ വീഡിയോകാൾ വിളിച്ച് പ്രസവമെടുത്തു... കേട്ടിട്ട് 'ത്രീ ഇഡിയറ്റ്‌സ് ' എന്ന ഹിന്ദി ചിത്രത്തിലെ രംഗമാണിതെന്ന് തെറ്റിദ്ധരിക്കേണ്ട. സിനിമയെ വെല്ലുന്ന രംഗമാണ് കർണാടകയിലെ ഹവേരിയിൽ നടന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നപ്പോഴാണ് ഡോക്ടറെ വീഡിയോകാൾ വിളിച്ച് , വീട്ടുകാരും അയൽക്കാരും ചേർന്ന് വാസവിയുടെ പ്രസവമെടുത്തത്. കർണാടകയിലെ ഹവേരി ഹനഗൽ സ്വദേശി വാസവി ഫത്തേപ്പൂരിന് ഞായറാഴ്ച ഉച്ചയോടെ പ്രസവവേദന അനുഭവപ്പെട്ടു. ഭർത്താവ് രാഗവേന്ദ്ര ആംബുലൻസ് വിളിച്ചെങ്കിലും കൊവിഡ് കാരണം ആരും വന്നില്ല. നില ഗുരുതരമായതോടെ അയൽക്കാരായ സ്ത്രീകൾ സഹായത്തിനെത്തി. ഇവരിലൊരാളുടെ സുഹൃത്തും കിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയനാകാ മന്ദാഗി വീഡിയോകാൾ വഴി നൽകിയ നിർദ്ദേശം അനുസരിച്ച് ഇവർ വാസവിയുടെ ആൺകുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. ശേഷം ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.


 വാസവിയുടെ സഹായത്തിനെത്തിയ സ്ത്രീകളിൽ പലർക്കും പ്രസവവരീതിയെക്കുറിച്ച് ധാരണയുണ്ടായിരുന്നു. അതിനാൽ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിച്ചു.

- ഡോക്ടർ പ്രിയനാകാ മന്ദാഗി