ന്യൂഡൽഹി:സ്‌കൂൾ തലത്തിൽ നിലവിലെ 10+2ന് പകരം മൂന്ന് വർഷത്തെ പ്രീ പ്രൈമറിയും 12 വർഷത്തെ സ്‌കൂൾ പഠനവും ഉൾപ്പെടുന്ന 5+3+3+4 സമ്പദായം. അഞ്ചാം ക്ളാസ് വരെ ( കഴിയുമെങ്കിൽ 8 വരെ )​ മാതൃഭാഷയിൽ അദ്ധ്യയനം. ആറ് മുതൽ തൊഴിലധിഷ്ഠിത പരിശീലനം. കോളേജ് പ്രവേശനത്തിന് നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി നടത്തുന്ന പൊതു പ്രവേശന പരീക്ഷ. ഡിഗ്രി കോഴ്‌സുകൾ നാല് വർഷമാക്കും.

ഇവ ഉൾപ്പെടെ, രാജ്യത്തെ സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ

നവീനവും സമഗ്രവുമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് പഴയതുപോലെ വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കാനും തീരുമാനിച്ചു.1986ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം 34 വർഷത്തിന് ശേഷമാണ് പരിഷ്‌കരിക്കുന്നത്.

കോളേജ് പ്രവേശനത്തിന് എൻട്രൻസ് നടത്തുമെന്ന് നയത്തിൽ പറയുന്നുണ്ടെങ്കിലും അത് നിർബന്ധമാക്കില്ലെന്ന് മാനവശേഷി മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

മൂന്ന് മുതൽ 18 വയസ് വരെ നിർബന്ധിത വിദ്യാഭ്യാസവും 2030 ഒാടെ സാർവത്രിക വിദ്യാഭ്യാസവും വിഭാവനം ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയം 2025ൽ പ്രാബല്യത്തിൽ വരും. അതുവരെ നിലവിലുള്ള രീതി തുടരും. മോദി സർക്കാരിന്റെ 2014 തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പുതിയ വിദ്യാഭ്യാസ നയം.

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി നേരത്തേ സമർപ്പിച്ച ശുപാർശകളെ ആധാരമാക്കിയുള്ളതാണ് പുതിയ നയം. 5+3+3+4 സമ്പ്രദായത്തിൽ 3 മുതൽ 18 വയസു വരെയുള്ള കുട്ടികളെ വളർച്ചയുടെ നാല് ഘട്ടങ്ങളാക്കി തിരിച്ചുള്ള പാഠ്യപദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. പ്രായം 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് കുട്ടികളെ വേർതിരിച്ചിരിക്കുന്നത്. ഇതോടെ അംഗൻവാടി / പ്രീപ്രൈമറി വിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസത്തിനൊപ്പമാകും.

പ്രീ സ്‌കൂൾ മുതൽ 2ാം ക്ലാസ് വരെ (3 - 8 വയസ് ) -പ്രീ പ്രൈമറി