sureshbabu

ന്യൂഡൽഹി: കാലാവസ്ഥാ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് തിരുവനന്തപുരം വി.എസ്.എസ്.സിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. എസ്. സുരേഷ് ബാബു അർഹനായി.

ബ്ലാക്ക് കാർബൺ എയ്‌റോസോളുകളുടെ അണുവികിരണ സ്വഭാവം മൂലം കാലാവസ്ഥയുടെ സ്ഥിരതയിലും സ്വഭാവത്തിലും ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങൾ സംബന്ധിച്ച കണ്ടുപിടിത്തങ്ങൾക്കാണ് അംഗീകാരം.

ഭൗമസംവിധാന ശാസ്ത്രരംഗത്തെ സംഭാവനകളെ പ്രോത്സാഹിപ്പിക്കാൻ ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയതാണ് അവാർഡ്.

ആജീവനാന്ത മികവിനുള്ള പുരസ്കാരം ബയോ സ്ട്രൈറ്റിഗ്രഫി, വെർട്ടിബ്രറേറ്റ് പാലിയന്റോളജി, ഭൂവൽക്ക ശാസ്ത്രം എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രൊ. അശോക് സാഹ്നിക്ക് നൽകും.

വിശാഖപട്ടണത്തെ സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. വി.വി.എസ്.എസ് ശർമ, ഗോവയിലെ ദേശീയ ധ്രുവ - സമുദ്ര ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എം. രവിചന്ദ്രൻ എന്നിവർക്ക് സമുദ്രശാസ്ത്രം ആൻഡ് സാങ്കേതികവിദ്യ എന്ന മേഖലകൾക്കുള്ള പുരസ്‌കാരം നൽകും. ഭൗമശാസ്ത്ര സാങ്കേതികവിദ്യാ പുരസ്കാരത്തിന് ബനാറസ് ഹിന്ദു സർവകലാശാല ജിയോളജി വകുപ്പിലെ എൻ.വി.ചലപതിറാവു, സമുദ്ര സാങ്കേതികവിദ്യ മേഖലയിൽ ചെന്നൈ ദേശീയ സമുദ്ര സാങ്കേതിക വിദ്യാകേന്ദ്രം ഡയറക്ടർ ഡോ. എം.എ.ആത്മാനന്ദൻ എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച വനിതാ ശാസ്‌ത്രജ്ഞയ്‌ക്കുള്ള അണ്ണാമണി പുരസ്‌കാരത്തിന് ഗോവ സി.എസ്.ഐ.ആർ ദേശീയ സമുദ്ര ഗവേഷണ പഠന കേന്ദ്രത്തിലെ ഡോ.ലിഡിത .ഡി.എസ് ഖണ്ടേപാർക്ക അർഹയായി. ഭൗമ സംവിധാന ശാസ്ത്ര രംഗത്തെ സംഭാവനകൾ പരിഗണിച്ച് മികച്ച യുവ ഗവേഷകരായി ഡോ. ഇന്ദിരാ ശേഖർ സെൻ (ഐ.ഐ.ടി കാൺപൂർ), ഡോ. അരവിന്ദ് സിംഗ് (അഹമ്മദാബാദ് ഭൗതിക ഗവേഷണകേന്ദ്രം) എന്നിവരെ തിരഞ്ഞെടുത്തു.