hani-babu

ന്യൂഡൽഹി: പൂന ഭീമ കൊറെഗാവ് കേസിൽ എൻ.ഐ.എ ചൊവ്വാഴ്‌ച അറസ്‌റ്റ് ചെയ്‌ത ഡൽഹി സർവകലാശാല ഇംഗ്ളീഷ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ ഹനിബാബുവിനെ മുംബയ് എൻ.ഐ.എ കോടതി റിമാൻഡ് ചെയ്‌തു.

2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ ഒരു ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ദളിത് യുവാവ് ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ‌്ത കേസിൽ മാവോയിസ്‌‌റ്റ് ബന്ധം ആരോപിച്ചാണ് ഹനിബാബുവിനെ അറസ്‌റ്റ് ചെയ്‌തത്. ജൂലായ് 24ന് എൻ.ഐ.എ മുംബയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ഹനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന പറഞ്ഞു. കൊവിഡ് ഭീതി മൂലം വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്ന് ജെന്നി പറഞ്ഞു.

2019 സെപ്‌തംബറിൽ മഹാരാഷ്‌ട്ര പൊലീസ് ഹനി ബാബുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി

പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്ന് മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ ലഭിച്ചെന്നാണ് വിവരം. കേസിൽ നേരത്തെ അറസ്‌റ്റിലായ സായിബാബ, റോണോ വിൽസൺ എന്നിവരുമായി ബന്ധമുണ്ടോ എന്ന് എൻ.ഐ.എ ചോദിച്ചതായി ജെന്നി റൊവേന പറഞ്ഞു.

കഴിഞ്ഞ ജനുവരി ഒന്നിനാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. കേസിൽ വരവര റാവു, ഗൗതം നഖ്‌വാല, ആനന്ദ് തെൽതുംഡെ തുടങ്ങിയ പൊതുപ്രവർത്തകരും നേരത്തെ അറസ്‌റ്റിലായിരുന്നു. ഹനിബാബുവിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് സുഹൃത്തുക്കളും സന്നദ്ധ പ്രവർത്തകരും ഓൺലൈൻ പ്രചാരണം തുടങ്ങിയിട്ടുണ്ട്.