ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15.75 ലക്ഷം പിന്നിട്ടു. മരണം 35,000ത്തോട് അടുത്തു. അതേസമയം രോഗമുക്തർ പത്തുലക്ഷം കവിഞ്ഞത് ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,286 പേർക്ക് രോഗംഭേദമായി. രോഗമുക്തിനിരക്ക് 64.51 ശതമാനമായി വർദ്ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,08,855 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ദശലക്ഷത്തിലെ പരിശോധനയുടെ (ടി.പി.എം) എണ്ണം 12,858 ആയി ഉയർന്നു. ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1.77 കോടി. കൊവിഡ് മരണനിരക്ക് 2.23 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ആന്ധ്രയിൽ പതിനായിരം പുതിയ രോഗികൾ
ആന്ധ്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 10,093 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതിന് മുമ്പ് മഹാരാഷ്ട്രയിൽ മാത്രമാണ് പ്രതിദിന രോഗികളുടെ പതിനായിരം കടന്നത്. ആന്ധ്രയിൽ ഇന്നലെ 65 മരണം. ആകെ രോഗികൾ 1.20 ലക്ഷം പിന്നിട്ടു.
മഹാരാഷ്ട്രയിൽ ആകെ കൊവിഡ് രോഗികൾ നാലുലക്ഷം കടന്നു. ഇന്നലെ 9211 പുതിയ രോഗികളും 298 മരണവും. ആകെ കേസുകൾ 4,00,651. മരണം 14,463.
മുംബയിൽ 1109 പുതിയ രോഗികളുണ്ടായി. 60 മരണവും. പൂനെയിൽ 2591 രോഗികളും താനെയിൽ 1424 രോഗികളും. താനെയിൽ ആകെ കേസുകൾ 90,000 കടന്നു.
തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഏഴുദിവസത്തെ ഐസൊലേഷനിൽ. തമിഴ്നാട്ടിൽ 6426 രോഗികൾ. 82 മരണം
മണിപ്പൂരിൽ ആദ്യ കൊവിഡ് മരണം. തൊബൽ ജില്ലയിലെ 56കാരനാണ് മരിച്ചത്.
മഹാരാഷ്ട്രയിൽ 236 പൊലീസുകാർക്ക് കൂടി കൊവിഡ്. ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇതോടെ ആകെ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 8958 ആയി. മരണം 98.
കൊവിഡ് ചികിത്സയ്ക്കായി ഏറ്റെടുത്ത ഹോട്ടലുകൾ ഡൽഹി സർക്കാർ ഒഴിവാക്കി. കൊവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണിത്.
തെലങ്കാനയിൽ ഒരു ടി.ആർ.എസ് എം.എൽ.എയ്ക്ക് കൂടി കൊവിഡ്. അർമൂറിൽ നിന്നുള്ള എം.എൽ.എ ജീവൻ റെഡ്ഡിക്കാണ് രോഗബാധ
ആൻഡമാൻ നിക്കോബാറിൽ ആഗസ്റ്റ് ഒന്നുമുതൽ ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ.
ഡൽഹിയിൽ 1035 പുതിയ രോഗികളും 26 മരണവും. ആകെ കേസുകൾ 1,33,310. ആകെ മരണം 3907.
കർണാടകയിൽ 5503 പുതിയ രോഗികളും 90 മരണവും.
മദ്ധ്യപ്രദേശിൽ രണ്ടു മന്ത്രിമാർക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ. ജലവിഭവവകുപ്പ് മന്ത്രി തുൾസിറാം സിൽവാത്ത്, പിന്നാക്കവിഭാഗം, ന്യൂനപക്ഷക്ഷേമ സഹമന്ത്രി രാംഖേൽവാൻ പട്ടേൽ എന്നിവർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഹാസ് ഭഗത്, പാർട്ടിയുടെ ഗ്വോളിയോർ,ഭോപ്പാൽ ഡിവിഷൻ സംഘടനാ സെക്രട്ടറി അശുതോഷ് തിവാരി എന്നിവർക്കും രോഗം കണ്ടെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സഹകരണമന്ത്രി അരവിന്ദ് സിംഗ് ബദൂരിയ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.