m

ന്യൂഡൽഹി:കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന അൺലോക്ക് മൂന്നാം ഘട്ടത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഒഴികെ രാത്രി കർഫ്യൂ ഒഴിവാക്കാനും ജിംനേഷ്യം, യോഗ പരിശീലനം എന്നിവ അനുവദിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ആഗസ്‌റ്റ് 31വരെ ലോക്ക് ഡൗൺ തുടരും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണ്ടെന്നാണ് തീരുമാനം. സിനിമാ തിയേറ്ററുകൾക്ക് നിയന്ത്രണം തുടരും. സ്‌കൂളുകളും കോളേജുകളും ആഗസ്‌റ്റ് 31വരെ പ്രവർത്തിക്കില്ല.

ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ മാർഗരേഖ:

 ആഗസ്റ്റ് ഒന്നുമുതൽ രാത്രി കർഫ്യൂ ഇല്ല

 ആഗസ്‌റ്റ് അഞ്ചു മുതൽ യോഗ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ, ജിംനേഷ്യം തുടങ്ങിയവയ്‌ക്ക് സമൂഹ അകലം അടക്കം ആരോഗ്യമന്ത്രാലയത്തിന്റെ മാർഗരേഖ പാലിച്ച് പ്രവർത്തിക്കാം.

 സമൂഹ അകലവും മറ്റ് കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടത്താം

 അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി അനുവദിക്കും. വന്ദേഭാരത് ദൗത്യം തുടരും.

 അന്തർ സംസ്ഥാന, അന്തർ ജില്ലാ യാത്രകൾക്ക് വിലക്കില്ല

 കണ്ടെയ്‌ൻമെന്റ് സോണുകൾ രൂപീകരിക്കേണ്ടതും കണ്ടെയ്‌ൻമെന്റ് സോണുകൾക്ക് വെളിയിലെ നിയന്ത്രണങ്ങൾ തീരുമാനിക്കേണ്ടതും സംസ്ഥാനങ്ങൾ

വിലക്ക് തു‌ടരും:

 മെട്രോ ട്രെയിൻ, സിനിമാ തിയേറ്റർ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ.

 സമൂഹ, രാഷ്‌ട്രീയ, മത, സാസ്‌കാരിക, വിദ്യാഭ്യാസ, വിനോദ കൂട്ടായ്മകൾ.

കണ്ടെയ്‌ൻമെന്റ് സോണുകളിലെ യാത്ര.