gehlot

ന്യൂഡൽഹി: ജൂലായ് 31ന് അടിയന്തരമായി നിയമസഭ വിളിക്കണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സർക്കാരിന്റെ മൂന്നാം ശുപാർശയും ഗവർണർ കൽരാജ് മിശ്ര തിരിച്ചയച്ചു. ഇതോടെ ആഗസ്‌റ്റ് 14ന് സഭ ചേരണമെന്നാവശ്യപ്പെട്ട് വീണ്ടും ശുപാർശ നൽകാനൊരുങ്ങുകയാണ് സർക്കാർ.

എൽ.എം.എമാർക്ക് യാത്രാ സൗകര്യത്തിന് 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്നത് അടക്കം തന്റെ ഉപാധികൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാം ശുപാർശ ഗവർണർ മടക്കിയത്. ഇതേത്തുടർന്ന് മുഖ്യമന്ത്രി ഗെലോട്ട് ഇന്നലെ വീണ്ടും രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടു.

വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് പെട്ടെന്ന് സഭ വിളിക്കുന്നതെങ്കിൽ അക്കാര്യം വ്യക്തമാക്കണമെന്നും അതല്ലെങ്കിൽ 21ദിവസ മുൻകൂർ നോട്ടീസ് നൽകണമെന്നുമുള്ള നിലപാടിൽ ഗവർണർ ഉറച്ചു നിന്നു. 200 അംഗങ്ങൾക്ക് സുരക്ഷാ അകലം പാലിച്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ സഭയ്‌ക്കുള്ളിൽ ഒരുക്കങ്ങൾ നടത്താനുണ്ടെന്നും എം.എൽ.എമാർക്ക് സാവകാശം നൽകണമെന്നതുമാണ് ഗവർണറുടെ വാദം.

ഒരാഴ്‌ചയ്‌ക്കിടെ സഭ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ നാലാം കൂടിക്കാഴ്‌ചയായിരുന്നു ഇന്നലത്തേത്. ജൂലായ് 23നാണ് ആദ്യ മന്ത്രിസഭാ ശുപാർശ സമർപ്പിച്ചത്. അതു തള്ളിയതോടെ 25ന് വീണ്ടും ശുപാർശ നൽകി. മൂന്ന് ഉപാധികൾ പാലിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തെ തുടർന്ന് നൽകിയ മൂന്നാം ശുപാർശയാണ് ഇന്നലെ തള്ളിയത്. ഇതിനിടെ ഇന്നലെ സ്‌പീക്കർ സി.പി ജോഷി രാജ്‌വഭനിലെത്തി ഗവർണറെ കണ്ടു.