modi

ന്യൂഡൽഹി: ഇന്നലെ അംബാലയിൽ പറന്നിറങ്ങിയ അഞ്ച് റാഫേൽ വിമാനങ്ങൾ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നതിനൊപ്പം രണ്ടാം മോദി സർക്കാരിന് രാഷ്‌ട്രീയ നേട്ടവുമാണ്. ഫ്രഞ്ച് യുദ്ധവിമാന കമ്പനിയായ ദസാൾട്ടിൽ നിന്ന് 59,000 കോടി രൂപയ്‌ക്ക് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള ഇടപാടിനെ ചൊല്ലി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തങ്ങളെ വെള്ളം കുടിപ്പിച്ച പ്രതിപക്ഷത്തെ നിശബ്‌ദമാക്കും വിധമാണ് അംബാലയിലേക്കുള്ള അഞ്ച് വിമാനങ്ങളുടെ എൻട്രി.

റാഫേലിന്റെ വരവ് പരസ്യമാക്കി ആഘോഷിക്കാനുള്ള തീരുമാനം അതിർത്തിയിൽ ചൈനയ്‌ക്കും രാജ്യത്ത് പ്രതിപക്ഷത്തിനുമുള്ള മറുപടികൂടി ലക്ഷ്യമിട്ടാണ്. യു.പി.എ സർക്കാർ നിശ്ചയിച്ചതിലും കൂടിയ വിലയ്‌ക്ക് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടെന്നും അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഓഫ്സെറ്റ് പങ്കാളിയാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒന്നാം നരേന്ദ്രമോദി സർക്കാരിനെ പാർലമെന്റിൽ അടക്കം വെള്ളം കുടിപ്പിച്ചിരുന്നു.

റാഫേൽ യുദ്ധവിമാന ഇടപാടിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ തള്ളി റിലയൻസ് ഉടമ അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് കൂടിയാലോചന നടത്തിയതെന്നും കോഴയുടെ ആദ്യഗഡുവായി റിലയൻസിന് 284 കോടി രൂപ ഫ്രഞ്ച് കമ്പനി നൽകിയെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇടപാടിൽ വൻ അഴിമതി ആരോപിച്ച രാഹുൽ, അനിൽ അംബാനിയുടെ കമ്പനിക്ക് 30,000 കോടി നൽകാൻ മോദിയുണ്ടാക്കിയ കരാറാണെന്നും പറഞ്ഞു.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുൽവാമയിലെ ഭീകരാക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതിമാറ്റിയപ്പോൾ പ്രതിപക്ഷത്തിന്റെ റാഫേൽ അഴിമതി ആരോപണം ചീറ്റിപ്പോയി. കൂടാതെ ഇടപാടിൽ അഴിമതി ആരോപിച്ചുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതിയും നരേന്ദ്രമോദി സർക്കാരിന് ക്ളീൻ ചീറ്റ് നൽകിയിരുന്നു.