iranian-missile

ന്യൂഡൽഹി: ഇറാൻ നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ സാധാരണ ഇന്ത്യയ്‌ക്ക് തലവേദനയാകാറില്ല. എന്നാൽ കഴിഞ്ഞ 27ന് പേർഷ്യൻ ഗൾഫിനും ഗൾഫ് ഒഫ് ഒമാനും ഇടയിലെ ഹോർമുസ് കടലിലിടുക്കിനടുത്ത് ഇറാൻ നടത്തിയ പരീക്ഷണത്തിനിടെ മൂന്ന് മിസൈലുകൾ ലക്ഷ്യം മാറി പതിച്ചത് മൂലം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്കാണ് ഉറക്കം നഷ്‌ടമായത്.

യു.എസ് യുദ്ധക്കപ്പലുകളെ മിസൈലുകൾ വിട്ട് തകർക്കുന്ന സൈനിക അഭ്യാസങ്ങൾക്കിടെ ഇറാന്റെ മൂന്ന് ബാലിസ്‌റ്റിക് മിസൈലുകൾ അബുദാബിയിൽ യു.എസിന്റെയും ഫ്രാൻസിന്റെയും വ്യോമത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന അൽദഫ്രയ്‌ക്കു സമീപം കടലിൽ പതിച്ചതാണ് സംഭവം.

ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട അഞ്ച് റാഫേൽവിമാനങ്ങൾ അൽദഫ്രയിലെ ഫ്രഞ്ച് വിമാനത്താവളത്തിൽ വിശ്രമത്തിനായി ഇറക്കിയ രാത്രിയാണിത്. മിസൈൽ പതിച്ച വാർത്ത ശ്രവിച്ചതോടെ ഡൽഹിയിലെ വ്യോമസേനാ ആസ്ഥാനത്ത് ആശങ്കയായി. അഞ്ച് വിമാനങ്ങളും ഉടൻ അൽദ്രഫിയിൽ നിന്ന് മാറ്റാൻ പൈലറ്റുമാർക്ക് അപകട സന്ദേശം പോയി. എന്നാൽ പെട്ടെന്ന് വിമാനങ്ങൾ മാറ്റാനാകില്ലെന്ന മറുപടിയാണ് ഫ്രഞ്ച് താവളത്തിൽ നിന്ന് ലഭിച്ചത്.

ഉടൻ വിദേശകാര്യമന്ത്രാലയം വഴി യു.എ.ഇ എംബസിക്ക് നിർദ്ദേശം നൽകി. എംബസിയിൽ നിന്ന് രാത്രി തന്നെ ഉദ്യോഗസ്ഥർ അൽദ്രഫിയിലെത്തി വിമാനങ്ങൾ സുരക്ഷിതമാണെന്നും രാവിലെ ഇന്ത്യയിലേക്കുള്ള യാത്ര പുനരാരംഭിക്കുമെന്നും ഉറപ്പ് നൽകിയപ്പോഴാണ് സേനാ കേന്ദ്രത്തിൽ ശ്വാസം നേരെ വീണത്.

 പാക് പാത ഒഴിവാക്കിയതിനാൽ ഇരട്ടിദൂരം

ബാലാക്കോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ആകാശ പാതയിൽ ഇന്ത്യൻ വിമാനങ്ങൾക്ക്

അനുമതി നൽകാത്ത സാഹചര്യത്തിൽ അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള അഞ്ച് റാഫേൽവിമാനങ്ങളുടെ യാത്ര ഗുജറാത്ത് വഴി ചുറ്റി വളഞ്ഞായിരുന്നു. അവിടെ നിന്ന് വീണ്ടും വടക്കോട്ട് തിരിഞ്ഞ് ഹരിയാനയിലെ അംബാലയിലേക്ക് പറന്നു. മോശം കാലാവസ്ഥ മൂലം അംബാലയിൽ ഇറങ്ങാൻ സാധിക്കാതെ വന്നാൽ 'പ്ളാൻ ബി' ആയി ജയ്‌പൂരിന് സമീപത്തെ ജോധ്‌പൂർ വ്യോമത്താവളം കണ്ടുവച്ചിരുന്നു.

 റാഫേലിനൊപ്പം സമ്മാനങ്ങളും

റാഫേൽവിമാനങ്ങൾക്ക് ഇന്ധനം നൽകാൻ അനുഗമിച്ച എം.ആർ.ടി.ടി ഫ്രഞ്ച് ടാങ്കറുകളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യക്കാർക്ക് കൊടുത്തയച്ച ചില സമ്മാനങ്ങളുമുണ്ടായിരുന്നു. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന ഇന്ത്യയെ സഹായിക്കാൻ 120 വെന്റിലേറ്ററുകളും അരലക്ഷം പരിശോധനാ കിറ്റുകളും പരിശോധനയ്‌ക്കുള്ള അരലക്ഷം നോസ്-ത്രോട്ട് സ്വാബുകളും. കൂടാതെ ഒരു സംഘം ഫ്രഞ്ച് മെഡിക്കൽ വിദഗ്ദ്ധരും വിമാനത്തിലുണ്ടായിരുന്നു. ഡൽഹിയിൽ എത്തിച്ച സാമഗ്രികൾ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമാനുവൽ ലെനാൻ റെഡ് ക്രോസിന് കൈമാറി. വിഷമഘട്ടത്തിലൂടെ കടന്നു പോകുന്ന ഇന്ത്യയെ സഹായിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു.