jaya

ന്യൂഡൽഹി: ഡൽഹി വെസ്റ്റ്എൻഡ് പ്രതിരോധ അഴിമതിക്കേസിൽ മുൻ സമതാപാർട്ടി അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്കും രണ്ട് കൂട്ടാളികൾക്കും സി.ബി.ഐ കോടതി നാല് വർഷം തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് വിധി.

ജയ്റ്റ്ലിയുടെ പാർട്ടി സഹപ്രവർത്തകൻ ഗോപാൽ പച്ചർവാൾ, മേജർ ജനറൽ (റിട്ട) എസ്.പി. മുർഗായ് എന്നിവർക്കും ശിക്ഷയുണ്ട്. മൂവരോടും ഇന്നലെ വൈകിട്ട് അഞ്ചിന് മുമ്പ് കോടതിയിൽ ഹാജരായി ഒരു ലക്ഷം പിഴ അടയ്ക്കാൻ സി.ബി.ഐ പ്രത്യേക ജഡ്ജി വിരേന്ദർ ഭട്ട് ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.

കേസ് ഇങ്ങനെ

2001ൽ പ്രതിരോധ മേഖലയിലെ ഒരു കരാർ ഒരു സ്വകാര്യ കമ്പനിക്ക് നേടിക്കൊടുക്കാൻ ജയ ജയ്റ്റ്‌ലി, തന്റെ സഹപ്രവർത്തകൻ ഗോപാൽ വഴി 2 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. പ്രതികൾക്ക് പ്രതിരോധ മന്ത്രാലയത്തിൽ ഉള്ള സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനിയുടെ തെർമൽ സ്‌കാനർ സൈന്യത്തെ കൊണ്ട് വാങ്ങിപ്പിക്കാമെന്ന് ഏറ്റതായും അതിനുളള പ്രത്യുപകാരമായാണ് പണം വാങ്ങിയതെന്നും കോടതി കണ്ടെത്തി.

2001ൽ തെഹൽക്ക ഒളിക്കാമറ ദൃശ്യങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന കേസാണിത്. തെഹൽക്ക മാഗസിന്റെ റിപ്പോർട്ടർ വിദേശത്തുളള ഒരു കമ്പനിയുടെ ഇന്ത്യൻ എക്‌സിക്യൂട്ടീവായി വേഷം മാറുകയും തങ്ങളുടെ കൈവശമുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച ഒരു ഉത്പന്നം വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു. എൻ.ഡി.എ ഭരണകാലത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി പ്രമുഖരും ബി.ജെ.പിയുടെ പ്രമുഖനേതാക്കളും ഈ അഴിമതിക്കേസിൽ ഉൾപ്പെട്ടിരുന്നു. ഇവർ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ തെഹൽക്ക പുറത്തുവിട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടായി. സമതാപാർട്ടി അന്ന് എൻ.ഡി.എയുടെ ഘടക കക്ഷിയായിരുന്നു.