ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി ആഗസ്റ്റ് 5ന് ഭൂമി പൂജ നടക്കാനിരിക്കെ, ഒരു പൂജാരിക്കും 15 സുരക്ഷാ ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.
രാമക്ഷേത്ര നിർമ്മാണസ്ഥലത്ത് സ്ഥിരമായി പൂജ നടത്തുന്ന നാലു പൂജാരിമാരിലൊരാളായ പ്രദീപ് ദാസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ക്വാറന്റൈനിലാക്കി. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി.
രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള പൂജകൾ ആഗസ്റ്റ് മൂന്നിന് തുടങ്ങി 5ന് ഭൂമി പൂജയോടെയാണ് സമാപിക്കുക. വാരണാസിയിൽ നിന്നും അയോദ്ധ്യയിൽ നിന്നുമുള്ള 11 പൂജാരിമാരാണ് ഭൂമി പൂജ ചെയ്യുന്നത്. ഈ സംഘത്തിൽ പ്രദീപ് ദാസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയെ കൂടാതെ വിവിധ മുഖ്യമന്ത്രിമാരും എൽ.കെ അദ്വാനി ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.ബുധനാഴ്ച അയോദ്ധ്യയിൽ 66 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 13 മരണം.