ന്യൂഡൽഹി: നേരിയ ഭൂരിപക്ഷത്തിൽ തൂങ്ങി നിൽക്കുന്ന രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിലെ ആറ് എം.എൽ.എമാർക്കെതിരെ ഹൈക്കോടതി നോട്ടീസ്. തങ്ങളുടെ എം.എൽ.എമാരെ ചട്ടവിരുദ്ധമായി തട്ടിയെടുത്ത് കോൺഗ്രസിൽ ലയിപ്പിച്ചെന്ന ബി.എസ്.പിയുടെ ഹർജിയിലാണ് നടപടി. കേസിൽ ബി.ജെ.പിയും കക്ഷി ചേർന്നിട്ടുണ്ട്. 102 പേരുടെ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന ഗെലോട്ടിന്റെ ആവശ്യപ്രകാരം ആഗസ്‌റ്റ് 14ന് സഭാ സമ്മേളനം ചേരാൻ കഴിഞ്ഞ ദിവസം രാത്രി ഗവർണർ അനുമതി നൽകിയിരുന്നു.
2018ലെ തിരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ 100 സീറ്റു മാത്രം ലഭിച്ച കോൺഗ്രസിന് അധികാരത്തിലേറാൻ പിന്തുണ നൽകിയ ആറ് ബി.എസ്.പി എം.എൽ.എമാരെ പിന്നീട് പാർട്ടിയിൽ ലയിപ്പിക്കുകയായിരുന്നു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും 18 എം.എൽ.എമാരും ബി.ജെ.പി സഹായത്തോടെ ഭിന്നിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ആറ് ബി.എസ്.പി എം.എൽ.എമാർ സർക്കാരിന്റെ നിലനിൽപ്പിന് നിർണായകമാണ്. കേവല ഭൂരിപക്ഷത്തിന് 101 സീറ്റുകൾ ആവശ്യമായിരിക്കെ 102 പേരുടെ പിന്തുണയാണ് ഗെലോട്ട് അവകാശപ്പെടുന്നത്.
ആഗസ്‌റ്റ് 14ന് സഭ സമ്മേളിക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചതോടെ അത്രയും ദിവസം തങ്ങളുടെ പക്ഷത്തെ എം.എൽ.എമാരെ സംരക്ഷിച്ചു നിറുത്തേണ്ടതുണ്ട് ഗെലോട്ടിന്. ഔദ്യോഗിക പക്ഷം എം.എൽ.എമാരെ അതുവരെ ഹോട്ടലിൽ തന്നെ പാർപ്പിക്കുമെന്ന് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു. ഇതിനിടെ സച്ചിനെ അനുനയിപ്പിക്കാനും വിമത എം.എൽ.എമാരിൽ ചിലരെ തിരിച്ചുകൊണ്ടുവരാനും നീക്കങ്ങളുമുണ്ടാകും.
അതിനിടെ വിമത എം.എൽ.എമാർക്കെതിരെയുള്ള അയോഗ്യതാ നടപടികൾ മരവിപ്പിച്ച രാജസ്ഥാൻ ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത് സ്‌പീക്കർ സി.പി.ജോഷി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ആഗസ്‌റ്റ് 14ന് സഭ സമ്മേളിക്കാനുള്ള അഭ്യർത്ഥന ഗവർണർ അംഗീകരിച്ചതോടെ ചിലർ നടത്തുന്ന കുതിരക്കച്ചവടത്തിനുള്ള വഴി അടഞ്ഞു. കോൺഗ്രസ് ചിഹ്നത്തിൽ ജയിച്ച എല്ലാ എം.എം.എമാരും സർക്കാരിനെ പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷ.
-രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്