poison

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ജില്ലാ അഡിഷണൽ സെഷൻസ് ജഡ്ജിയുടെയും മകന്റെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 45കാരിയടക്കം ആറു പേർ അറസ്റ്റിൽ. ജഡ്ജി ബെതുൽ മഹേന്ദ്ര ത്രിപാഠിയും 33കാരനായ മകനുമാണ് മരിച്ചത്. ചപ്പാത്തിയിലൂടെ വിഷം ഉള്ളിൽചെന്നാണ് മരണമെന്ന് പൊലീസ് പറയുന്നു.

ഛിന്ദ്വാര ജില്ലയിൽ എൻ.ജി.ഒ നടത്തുന്ന സന്ധ്യ സിംഗ് വിഷം കലർത്തിയ ഗോതമ്പ് പൊടി ജഡ്ജിയുടെ കുടുംബത്തിന് നൽകുകയായിരുന്നു. വീട്ടിൽ കൊണ്ടുവരുന്നതിന് മുമ്പേ ജഡ്ജി പൂജയ്ക്കായി ഗോതമ്പ് പൊടി സന്ധ്യ സിംഗിന്റെ കൈയിൽ കൊടുത്തിരുന്നു. കഴിഞ്ഞ 20ന് ഈപൊടി കുഴച്ചുണ്ടാക്കിയ ചപ്പാത്തി അത്താഴത്തിന് ജഡ്ജിയും മകനും കഴിച്ചു. ജഡ്ജിയുടെ ചോറ് കഴിച്ചതിനാൽ രക്ഷപെട്ടു.

ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മകൻ അന്ന് തന്നെ മരിച്ചു. ജഡ്ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ചികിത്സയിലുള്ള ജഡ്ജിയുടെ ഇളയ മകന്റെ ആരോഗ്യനില തൃപ്തികരമാണ്. ഒരു തന്ത്രിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ജഡ്ജിയെയും കുടുംബത്തെയും കൊലപ്പെടുത്താനായിരുന്നു സന്ധ്യ സിംഗിന്റെ പദ്ധതിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.