ന്യൂഡൽഹി: വടക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിലെ സൈനിക പിൻമാറ്റം പൂർത്തിയായെന്ന ചൈനയുടെ വാദം ഇന്ത്യ തള്ളി. ഇക്കാര്യത്തിൽ ചില പുരോഗതിയുണ്ടായെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ നടപടികൾക്ക് രൂപം നൽകാൻ ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ ഉടൻ തന്നെ കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
സൈനിക പിൻമാറ്റത്തിനും സംഘർഷം ലഘൂകരിക്കാനും ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ നിലനിൽപ്പിന് അത് അനിവാര്യമാണെന്നും അനുരാഗ് ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് ഇരുസൈന്യവും പൂർണമായി പിന്മാറിയെന്ന ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.