വീടിന്റെ മതിലിനപ്പുറം നിന്ന് സൈഫുദ്ദീൻ സോസ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
ന്യൂഡൽഹി:ജമ്മു കാശ്മീർ സർക്കാർ, സുപ്രീംകോടതിയിൽ കള്ളം പറഞ്ഞുവെന്നും താൻ വീട്ടുതടങ്കലിലാണെന്നും കോൺഗ്രസ് നേതാവ് സെയ്ഫുദ്ദീൻ സോസ്. മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് സെയ്ഫുദ്ദീൻ സോസ് തന്റെ വീടിന്റെ മതിലിനപ്പുറം നിന്ന് സംസാരിക്കുന്ന വീഡിയോ പുറത്തു വിട്ടത്. തന്നെ പുറത്തുപോകാൻ സൈന്യം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇടയിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ വന്ന് ആക്രോശത്തോടെ വൃദ്ധനായ സെയ്ഫുദ്ദീൻ സോസിനെ പിടിച്ചു വലിച്ച് കൊണ്ടുപോകുന്നതും കാണാം.
മകളെ കാണാനായി ബുധനാഴ്ചയും വീടിന് പുറത്തിറങ്ങാൻ ശ്രമിച്ചെന്നും തന്നെ ഉദ്യോഗസ്ഥർ തടഞ്ഞെന്നും 83കാരനായ സോസ് ഫോണിലൂടെ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
നേരത്തെ, തന്റെ ഭർത്താവിനെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായ തടങ്കലാണ് അദ്ദേഹം അനുഭവിക്കുന്നതെന്നും കാട്ടി സെയ്ഫുദ്ദീൻ സോസിന്റെ ഭാര്യ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. സോസിനെ തങ്ങൾ ജയിലിലോ വീട്ടുതടങ്കലിലോ ആക്കിയിട്ടില്ലെന്ന ജമ്മു കാശ്‌മീർ സർക്കാരിന്റെ വാദത്തെ കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. ഈ വിഷയത്തിലേക്ക് ഇനി തങ്ങൾ ഇടപെടില്ലെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറയുകയുണ്ടായി. സെയ്ഫുദ്ദീൻ അടക്കം കഴിഞ്ഞ ആഗസ്റ്റ് 5 മുതൽ നിരവധി നേതാക്കളാണ് ജമ്മു കാശ്‌മീരിൽ തടങ്കലിൽ കഴിയുന്നത്.